സമനിലകളിൽ നിന്ന് മോചനം തേടി കേരള ബ്ലാസ്റ്റേഴ്‌സ് പൂനെയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ സമനിലകളിൽ നിന്ന് മോചനം തേടി കേരള ബ്ലാസ്റ്റേഴ്‌സ് പൂനെ സിറ്റി എഫ് സിയെ നേരിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങൾ തുടർച്ചയായി സമനില ആയതിന്റെ പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂനെയെ നേരിടാനിറങ്ങുന്നത്.

അതെ സമയം കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്നതിനു ശേഷം തിരിച്ചു വന്ന് സമനില നേടിയത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പൂനെക്കെതിരായ മത്സരത്തിന് മുഴുവൻ താരങ്ങളും ലഭ്യമാണെന്നതും ഡേവിഡ് ജെയിംസിന് കാര്യങ്ങൾ എളുപ്പമാക്കും.  പരിക്ക് മാറി സിറിൽ കാലിയും വിലക്ക് കഴിഞ്ഞു അനസ് എടത്തൊടികയും കഴിഞ്ഞ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ തിരിച്ചെത്തിയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി കേരളത്തിന് വേണ്ടി മത്സരം മാറ്റി മറിച്ച സെയ്മിൻലെൻ ഡൗങ്ങൽ ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം രണ്ടാം പകുതിയിൽ ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത സഹലും ആദ്യ ഇലവനിൽ എത്തണമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പൂനെ പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരം ജയിച്ചില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗോവക്കെതിരെ 4-2ന് തോറ്റെങ്കിലും പൂനെയുടെ സൂപ്പർ താരങ്ങളായ എമിലാനോ അൽഫാറോയും മാഴ്‌സെലോ പെരേരയും ഗോൾ നേടിയത് പൂനെക്ക് ആത്മവിശ്വാസം നൽകും. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള പൂനെ തങ്ങളുടെ സീസണിൽ ആദ്യ ജയം കൂടി തേടിയാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here