കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വില്ലനായത് ഇഞ്ചുറി ടൈം ഗോളുകൾ. എന്നാൽ ഇത്തവണ ജയിക്കാനുറപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ആരാധകരുടെ സോഷ്യൽ മീഡിയ യുദ്ധം കൊണ്ട് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച മത്സരം എന്ന പ്രത്യകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇരു ടീമുകളും രണ്ടു തവണ മാത്രമാണ് പരസ്പരം ഇതുവരെ ഏറ്റുമുട്ടിയതെങ്കിലും ആരാധകർ തമ്മിലുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ സജീവമാണ്.
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്. അറുപതാം മിനുറ്റില്‍ നേടിയ ഗോളില്‍ ആദ്യം മുന്നിലെത്തിയ ബെംഗളൂരു ഇഞ്ചുറി സമയത്താണ് രണ്ട് ഗോള്‍ കൂടി ബ്ലാസ്റ്റേഴ്സ് വലയില്‍ നിക്ഷേപിച്ചത്. ബെംഗളൂരുവിന്റെ സൂപ്പർ സ്റ്റാർ മിക്കുവായിരുന്നു ഈ രണ്ട് ഗോളും നേടിയത്.
കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ സാക്ഷി നിർത്തി ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു തകർത്തത് ഏകപക്ഷീയമായ രണ്ടു ഗോളിനാണ്. അന്നും ഇഞ്ചുറി സമയത്തെ ഗോളുകളായിരുന്നു കേരളത്തിന് തിരിച്ചടിയായത്. ബെംഗളൂരു എഫ് സി നേടിയ രണ്ട് ഗോളുകളും പിറന്നത് ഇഞ്ചുറി സമയത്തായിരുന്നു.