സ്കോട്ടിഷ് പ്രതിരോധ താരമായ ടോം അൽഡ്രെഡിനെ സ്വന്തമാക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 28കാരനായ ടോം അൽഡ്രെഡ് സ്കോട്ലൻഡ് ക്ലബ് മദർവെല്ലിന്റെ താരമാണ്. ഈ സീസണിന്റെ അവസാനത്തോടെ ബറി എഫ്.സിയിൽ താരത്തിന്റെ കരാർ അവസാനിക്കും. ഇപ്പോൾ ബറിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം മദർ വെല്ലിൽ കളിക്കുന്നത്. . ഈ സീസണിൽ 32 തവണ മദർ വെല്ലിന് വേണ്ടി കളിച്ച ടോം 3 ഗോളുകളും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ കെട്ടിഘോഷിക്കപെട്ട അനസ് എടത്തൊടിക – ജിങ്കൻ സഖ്യം കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. അനസിന് തുടർച്ചയായേറ്റ പരിക്കും താരത്തിന്റെ വിലക്കും ഇരു കൂട്ടർക്കും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുന്നതിൽ വിലങ്ങു തടിയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റി എഫ്.സിയും ടോം അൽഡ്രെഡിനെ നോട്ടമിടുന്നുണ്ട്. സ്കോട്ലാൻഡിൽ നിന്നുള്ള മാധ്യമങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുമായി താരം ചർച്ചകൾ നടത്തി എന്നും റിപ്പോർട് ചെയ്യുന്നുണ്ട്. കൂടാതെ ഇപ്പോൾ ലോണിലുള്ള മദർവെൽ എഫ്.സിയും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ബ്ലാക്ക്പൂൾ, വാട്ഫോർഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.