ഡിയർ സർ,
നമ്മുടെ ടീമിന്റെ പ്രകടനത്തിൽ സാധാരണക്കാരായ ഫാൻസിനുള്ള നിരാശയെ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കുറിപ്പ്. ഫുട്ബോളിനെ വളരെയധികം വൈകാരികമായി സ്നേഹിക്കുന്നവരാണ് മലയാളികൾ. ആ കളിയെ ജീവിതത്തിനോട് ഇത്രമാത്രം ഇഴുകി ചേർത്ത് വച്ചതിനാൽ തന്നെ ടീമിന്റെ പ്രകടനത്തെ അവർ അത്രമാത്രം ശ്രദ്ധിക്കുന്നുമുണ്ട്. ടീമിന്റെ ദയനീയ പ്രകടനം കുറച്ചു നാളുകളായി സോഷ്യൽ മീഡിയകളിൽ വളരെയധികം ചർച്ചകൾക്ക് വഴി വയ്ക്കുന്നുണ്ട്. പ്രകടനത്തിനെ പറ്റിയുള്ള ആകുലതകളും, സങ്കടങ്ങളും, നിരാശയും ഒരു വിധം എല്ലായിടത്തും തെളിഞ്ഞു നിൽക്കുന്നുണ്ട്. അതിൽ തന്നെ കോച്ചിങ്, ടീം തിരഞ്ഞെടുപ്പ് എന്നിവയിൽ അതിയായ അതൃപ്തി എല്ലാവരും പ്രകടിപ്പിക്കുന്നു. ശരാശരി രീതിയിൽ കളിക്കുന്ന ടീമുകളോട് പോലും ടീമിന്റെ ആധിപത്യമോ മേൽക്കോയ്മയോ കാണാത്തത് ആരാധകരെ തെല്ലൊന്നുമല്ല വിഷമത്തിലാഴ്ത്തുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ്ന്റെ മാനേജ്‌മെന്റ്, കോച്ചിങ് സ്റ്റാഫ് കൂടാതെ കളിക്കാർ എന്നിവരുൾപ്പെട്ട പ്രിയപ്പെട്ടവരോട് ഒരു വാക്ക്. ടീമിന്റെ ഉയർച്ചയിലും താഴ്ചയിലും കൈ വിടാതെ ആർപ്പു വിളിച്ചു കൂടെ നിൽക്കുന്നവരാണ് ആരാധകരും അവരുടെ ശബ്ദമായ കേരളാ ബ്ലാസ്റ്റേഴ്‌സ് ആർമിയും. അവരെ തൃപ്തിപ്പെടുത്തുന്ന വിധം മനോഹരമായ കളി കാഴ്‌ച്ച വയ്ക്കുക എന്നത് നിങ്ങളെല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചങ്കു പറിച്ചു കൂടെ നിൽക്കുന്ന ഞങ്ങൾക്ക് തുടർവിജയങ്ങളും കപ്പുകളിലും ഉപരി ഒരു ടീമെന്ന നിലയിൽ മനോഹരമായ കളി കാഴ്ച വയ്ക്കുന്നതാണ് വലുതെന്നു പറഞ്ഞു കൊള്ളട്ടെ.
ടീമിൽ വിശ്വാസം നഷ്ടപ്പെട്ട ഒരുപാട് ഫാൻസിന്റെ നിരാശയകറ്റാനും, മനോഹരമായ നീക്കങ്ങൾ കളത്തിൽ കാണുമ്പോൾ ആർത്തു വിളിക്കുന്ന ആ പഴയ കാണികളെ അതിലേറെ എണ്ണത്തിൽ തിരിച്ചു കിട്ടാനും, ഈ കുറിപ്പ് ഓരോ ആരാധകന്റെയും ശബ്ദമായും അപേക്ഷയായും ആവശ്യമായും കണ്ട് വേണ്ട നടപടികൾ ചെയ്യണമെന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തട്ടെ. മനോഹരമായ കളി ഈ മഞ്ഞക്കുപ്പായത്തിൽ കാണുവാൻ നമുക്ക് ഒന്നിച്ചു പ്രയത്നിക്കാം.