ഐ.എസ്.എൽ തുടങ്ങുന്നതിനു മുൻപ് തന്നെ എതിരാളികളെ പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐ.എസ്.എൽ തുടങ്ങാൻ മാസങ്ങൾ ഉണ്ടെങ്കിലും സീസണിന് നേരത്തെ ഒരുങ്ങി മറ്റു ടീമുകളെ പിന്നിലാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ നേരത്തെ ടീമിലെത്തിച്ചും മികച്ച പ്രീ സീസൺ മത്സരങ്ങൾ ഒരുക്കിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐ.എസ്.എല്ലിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ സംഭവിച്ച പോലുള്ള ഒരു മോശം സീസൺ ആവില്ലെന്നാണ് ആദ്യ സൂചനകൾ ആരാധകർക്ക് നൽകുന്നത്. ഈ സീസണിൽ മികച്ച മലയാളി താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരമായ അനസ് എടത്തൊടികയെ ടീമിലെത്തിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണ് ഒരുക്കം തുടങ്ങിയത്. ദേശീയ ടീമിൽ ഒരുമിച്ച ഇന്ത്യൻ പ്രതിരോധം കാക്കുന്ന സന്ദേശ് ജിങ്കനൊപ്പം അനസ് എടത്തൊടികയെ കൊണ്ട് വന്നത് ഇന്ത്യൻ ടീമിനും കേരള ബ്ലാസ്റ്റേഴ്സിനും ഗുണകരമാവും. തുടർന്ന് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഗോൾ വലക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ധീരജ് സിങ്ങിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ശേഷം മിഡ്‌ഫീൽഡർ ഹാലിചരൺ നർസരിയെയും മലയാളിയായ പ്രതിരോധ താരം അബ്ദുൽ ഹക്കുവിനെയും ഗോൾ കീപ്പർ നവീൻ കുമാറിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ലാൽറുവത്താരയും ജിങ്കനും ചേരുന്നതോടെ ഏതു ആക്രമണ നിരയെയും തടയാൻ കെൽപ്പുള്ളവരാവും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം.

ഇതിനിടയിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച ജിതിനെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മുൻ നോർത്ത് ഈസ്റ്റ് മിഡ്‌ഫീൽഡർ സിമിൻലെൻ ഡൗങ്ങലിനേയും നേരത്തെ ടീമിലെത്തിച്ചു. കഴിഞ്ഞ ദിവസം മലയാളി താരം എം.പി സക്കീറും വന്നതോടെ കഴിഞ്ഞ വർഷങ്ങളിൽ പഴികേട്ട കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രീ സീസൺ തുടങ്ങുന്നതിനു മുൻപായി തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച പെകുസൺ, പെസിച്ച്, കിസിറ്റോ കേസിറോൺ എന്നിവരെ വീണ്ടും ടീമിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പുതിയ 3 താരങ്ങളെ ടീമിലെത്തിച്ച് ആക്രമണ നിരയിലും പ്രതിരോധ നിരയിലും മികച്ച വിദേശ സാന്നിദ്ധ്യം ഉറപ്പു വരുത്തി. ഫ്രഞ്ച് പ്രതിരോധ താരം സിറിൽ കാലി, സെർബിയൻ മുന്നേറ്റ താരം സ്ലാവിസ സ്റ്റോഹനോവിച്ച്, സ്ലോവേനിയൻ താരം മറ്റേ പ്ലോപനിക്ക് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്.

അതെ സമയം ആരാധകരുടെ സ്വന്തം ഹ്യുമേട്ടൻ ഇത്തവണ ടീമിൽ ഇല്ലാത്തത് ആരാധകരെ നിരാശരാക്കും. താരത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് താരത്തെ വേണ്ടെന്ന് വെക്കുകയായിരുന്നു. താരത്തിന് പകരമെത്തിയ മുന്നേറ്റ നിര താരങ്ങൾ മാനേജ്‌മന്റ് തീരുമാനം ശെരിവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മികച്ച താരങ്ങളെ ടീമിലെത്തിച്ചതിനോടൊപ്പം മികച്ച ഒരു പ്രീ സീസൺ സംഘടിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിനായി. ലാ ലിഗ ടീമായ ജിറോണയെയും ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റിയെയും കൊച്ചിയിൽ കൊണ്ട് വന്ന് ഒരു പ്രീസീസൺ നടത്തിയത് കേരള ബ്ലാസ്റ്റേഴ്സിന് മുതൽകൂട്ടാവുമെന്ന് കരുതാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here