കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുൻപിൽ ജയിച്ച് കാണിക്കാനുറച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ലീഗിലെ ശക്തരും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുമുള്ള ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിനെതിരെയേറ്റ തോൽവിക്ക് പകരമായി ആരാധകർക്ക് ഇന്ന് ജയം നേടിക്കൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.
കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന അനസിന് വേണ്ടിയുള്ള ആരാധകരുടെ മുറവിളി ഇന്നത്തെ മത്സരത്തോടെ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ഗോൾ നേടാൻ പാട് പെടുന്ന ആക്രമണ നിര കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ മുൻപിലാണെങ്കിലും അതൊന്നും ഗോളാവുന്നില്ലെന്നതാണ് ഡേവിഡ് ജയിംസിന്റെ തലവേദന.
മറുഭാഗത്ത് ഗോവയാവട്ടെ 18 ഗോളുകളുമായി ലീഗിൽ നിറഞ്ഞാടുകയാണ്. കളിച്ച 6 മത്സരങ്ങളിൽ നാലും ജയിച്ച ഗോവ ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്തിരുന്നു. ഒരു കളിയിൽ 3 ഗോൾ ശരാശരിയിൽ ഗോൾ നേടുന്ന ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര എങ്ങനെ പ്രതിരോധിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.