കൊച്ചിയിലെ ഹോം മത്സരങ്ങളിൽ മികവ് പുലർത്താനാവാതെ പോയതിനാൽ കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുണ്ട്. കൊച്ചിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സമയത്തെല്ലാം ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറിയിട്ടുമുണ്ട്. കോപ്പലാശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയപ്പോൾ കൊച്ചിയിൽ ആറു മത്സരങ്ങളിൽ ജയിക്കുകയും ചെയ്തിരുന്നു. ഒരു മത്സരം മാത്രമാണ് അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെട്ടിരുന്നത്.
എന്നാൽ കഴിഞ്ഞ സീസണിൽ സ്ഥിതി മാറി. 9 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് വെറും 2 മത്സരങ്ങൾ മാത്രമായിരുന്നു. ഇതാണ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചെങ്കിലും ഇത്തവണയും സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മികച്ചതായിരുന്നില്ല. മുംബൈ സിറ്റിക്കെതിരെ മത്സരത്തിന്റെ ഭൂരിഭാഗ സമയവും ലീഡ് ചെയ്തിട്ടും പ്രഞ്ചൽ ബൂമിജിന്റെ വണ്ടർ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയായിരുന്നു.
അത് കൊണ്ട് തന്നെ ഇനിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ഡേവിഡ് ജെയിംസും ഈ സീസണിൽ കൊച്ചിയിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.