ഐഎസ്എല്ലിലെ ആവേശപ്പോരാട്ടമായ സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ വഴങ്ങി തോൽവി. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിന്റെ ഏക ഗോൾ നേടിയത്. ദിമാസിന്റെ കോർണർ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ ഛേത്രി ഗോളാക്കി മാറ്റി. ഇത്തവണയും ബ്ലാസ്റ്റേഴ്സിന് വില്ലനായത് പ്രതിരോധം തന്നെയാണ്. ഛേത്രിയെ മാർക്ക് ചെയ്യാൻ പോലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രമിച്ചില്ലെന്നതാണ് അദ്ഭുതാവഹമായ കാര്യം.
കണ്ടീരവ മഞ്ഞക്കടലായ മത്സരത്തിലെ ആദ്യ പകുതിയിൽ കത്തിക്കേറിയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ അറ്റാക്കുകളിൽ വെള്ളം കുടിച്ച് ബെംഗളൂരു എഫ്സി. മെസ്സിയും ഒഗ്ബചെയും വെടിക്കെട്ട് കോമ്പോ ആദ്യ പകുതിയിൽ ബെംഗളൂരുവിന് തലവേദനായി.
മെസ്സിക്ക് തകർപ്പൻ ഒരു ചാൻസ് ആദ്യ പകുതിയുടെ അവസാന മിനുട്ടുകളിൽ ലഭിച്ചെങ്കിലും പന്ത് പുറത്ത് പോയി. രാഹുൽ കെ പി, ജീക്സൺ സിംഗ് എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നോക്കുകുത്തിയാക്കിയാണ് ഛേത്രി ഗോളടിച്ചത്. ആദ്യ പകുതിയിൽ പിടിച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകർന്നടിയുന്ന കാഴ്ച്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്. ഇപ്പോൾ അഞ്ചു മത്സരങ്ങളിൽ നിന്ന് 4 പോയന്റുമായി ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.