വീണ്ടും വാർത്തകളിൽ ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളായ കറേജ് പെക്കുസണ്ണും കൈറോൺ കിസിറ്റോയും ടീം വിട്ടു. ഇരു താരങ്ങളുടെയും കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് വിസമ്മതിച്ചതോടെയാണ് ഇരു താരങ്ങളും മഞ്ഞപ്പട വിടുമെന്നുറപ്പായത്. ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചെങ്കിലും മഞ്ഞപ്പടയുടെ മധ്യനിര ഭരിച്ചത് ഇരു താരങ്ങളുമായിരുന്നു.
കിരീടപ്പോരാട്ടത്തിനായിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് മോശം പ്രകടനം മൂലം ആരാധകരെ വരെ ഈ സീസണിൽ നഷ്ടപ്പെട്ടിരുന്നു. രണ്ടോ മൂന്നോ വർഷത്തെ കരാറിൽ വിദേശതാരങ്ങളെ എത്തിച്ച് ടീമിന് വലിയ ബാധ്യത മുൻ മാനേജ്‌മെന്റ് വരുത്തിവെച്ചിരുന്നു. സ്പാനിഷ് താരങ്ങളെ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ച് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
2017 ൽ ഘാന താരമായ പെക്കുസണ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ഡേവിഡ് ജെയിംസിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ റെനേ മുള്ളെസ്റ്റെയിനാണ് പെക്കുസന്നിനെ ബ്ലാസ്റ്റേഴ്‌സിൽ എത്തിച്ചത്. 2018 ലാണ് കിസിറ്റോ കൊച്ചിയിൽ എത്തിയത്.