ചരിത്രത്തിലെ ഏറ്റവും മോശം സീസൺ അവസാനിച്ചതിന് ശേഷം അടുത്ത സീസണിനായി പുതിയ താരങ്ങളെ എത്തിച്ച് തിരിച്ച് വരവിനു ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം, മഞ്ഞപ്പടയുടെ കണ്ണിലുണ്ണി ധീരജ് സിങ് ക്ലബ്ബ് വിടുന്നു.
ചരിത്രത്തിലെ ഏറ്റവും മോശം സീസണിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ അണ്ടര്‍ 23 താരോദയം ക്ലബ് വിടുകയാണ്. കൊച്ചിയോട് വിടവാങ്ങി കൊൽക്കത്തയിലെ വമ്പൻ ക്ലബായ ഈസ്റ്റ് ബംഗാളിലേക്കാണ് ധീരജ് ചേക്കേറുന്നത്. അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്ന ഈസ്റ്റ് ബംഗാൾ അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുത്തിനെ റാഞ്ചാൻ ശ്രമിക്കുന്നത്.
സഹൽ അബ്ദുൾ സമദും ധീരജ് സിംഗുമാണ് കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും ക്ലബ്ബിനെ വെറുക്കാതെ ആരാധകരെ പിടിച്ച് നിർത്തിയ ചാലക ശക്തികൾ. അണ്ടര്‍ 17 ലോകക്കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വല കാത്ത ധീരജ് സിങ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
നിരവധി ISL ടീമുകളും ഐ ലീഗ് ടീമുകളും ധീരജിനു പുറകെ ഉണ്ടായിരുന്നു എങ്കിലും ധീരജ് കേരള ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. റിയൽ കാശ്മീർ താരം ബിലാൽ ഖാനെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത് ധീരജിന്റെ പകരക്കാരനായിട്ടാണ് എന്നത് ഇപ്പോൾ ഏകദേശം ഉറപ്പായി.