മലയാളികളുടെ ആവേശമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ആഭിച്ചത് മുതൽ മലയാളികളുടെ മനസിൽ കയറിപ്പറ്റിയതാണ് ഈ മഞ്ഞപ്പട. ഒട്ടേറെ സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിനൊപ്പം കൊച്ചിയിലെ ഗ്രൗണ്ടിലും നമ്മുടെ മനസിലേക്കും ആഴത്തിൽ ഇറങ്ങി ചെന്നിട്ടുണ്ട്. രണ്ട് തവണ ഐഎസ്എൽ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൾ സ്റ്റാർ ഇലവനെ ഒന്ന് നോക്കാം.
ഗോൾ കീപ്പർ – സന്ദീപ് നന്ദി
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത പേരാണ് സന്ദീപ് നന്ദി. മുന്ന് സീസണോളം മഞ്ഞപ്പടയുടെ വല കാത്തത് ഈ ബംഗാളി താരമാണ്. കളിച്ച 18 മത്സരങ്ങളിൽ 7 ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ചു നന്ദി. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് നന്ദിയെന്ന് നിസംശയം പറയാം.
റൈറ്റ് ബാക്ക് / റൈറ്റ് സെന്റർ ബാക്ക് – സന്ദേശ് ജിങ്കൻ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണ്ണിലുണ്ണി. റോമക്ക് ടോട്ടിയെ പോലെയാണ് കേരള ബ്ലാസ്റ്റേഴ്സിന് സന്ദേശ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കത്തിലെ ജിങ്കൻ ടീമിൽ അംഗമാണ്. എമർജിങ് പ്ലേയർ ഓഫ് ദി ഇയറായി തുടക്കമിട്ട താരം ഒടുവിൽ മഞ്ഞപ്പടയുടെ ക്യാപ്റ്റനും ആരാധകരുടെ സൂപ്പർ താരവുമായി മാറി. പ്രതിരോധ താരമെന്ന നിലയിൽ ക്ലബിന് വേണ്ടി ഇതുവരെ 76 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ അദ്ദേഹം മാറി നിന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം ജിങ്കൻ തന്നെ.
സെന്റർ ബാക്ക് – ആരോൺ ഹ്യൂഗ്സ്
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ വരെയെത്തിയപ്പോൾ പ്രതിരോധം കാത്തത് ആരോൺ ഹ്യൂഗ്സാണ്. കൊപ്പലാശാന്റെ കീഴിൽ മഞ്ഞപ്പടയിൽ ഒരു സീസൺ മുഴുവനും ഹ്യൂഗ്സ് ചിലവഴിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ സുപ്രധാന താരമായിരുന്നു ഹ്യൂഗ്സ്.
സെന്റർ ബാക്ക് – സെഡ്രിക് ഹെങ്ങ്ബർട്ട്
കൊപ്പലാശാന്റെ കീഴിൽ പ്രതിരോധത്തിലെ കുന്തമുനയായിരുന്നു ഹെങ്ങ്ബർട്ട്. ഐ എസ് എല്ലിന്റെ മൂന്നാം സീസണിൽ ആരോൺ ഹ്യൂഗ്സുമൊത്ത് മഞ്ഞപ്പടക്കായി മികച്ച പ്രതിരോധം അദ്ദേഹം തീർക്കുകയുണ്ടായി. ഒരു ഗോളും നാല് അസിസ്റ്റുമാണ് ബ്ലാസ്റ്റേഴ്സിനായുള്ള തന്റെ രണ്ട് വർഷത്തെ സേവനത്തിൽ സെഡ്രിക് ഹെങ്ബർടിന്റെ സമ്പാദ്യം.
ലെഫ്റ്റ് ബാക്ക്- ലാൽറുവാതാര
ഐ ലീഗിലെ കുഞ്ഞൻ ക്ലബ്ബായ ഐസോളിൽ നിന്നുമാണ് കൊച്ചിയിലേക്ക് താരമെത്തിയത്. ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ച് ഐസോൾ കപ്പടിച്ചപ്പോൾ ലാൽറുവാതാരയും ശ്രദ്ധിക്കപ്പെട്ടു. 2017-18 സീസണിലെ എമേർജിങ് പ്ലേയറായ താരം പിന്നീടുള്ള വർഷങ്ങളിൽ ആ മികവ് നിലനിർത്തുകയും ചെയ്തു. എങ്കിലും പരിക്കുകൾ മൂലം 2019-20 സീസണിൽ ബ്ലാസ്റ്റേഴ്സിൽ കാര്യമായ അവസരങ്ങൾ താരത്തിന് ലഭിച്ചില്ല.
സെന്റർ ഡിഫൻഡർ മിഡ്ഫീൽഡർ – മെഹതാബ് ഹൊസൈൻ
ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര മെഹ്താബ് ഹൊസൈനിന്റെ കാലുകളിൽ ഭദ്രമായുരുന്നു. ഐഎസ്എൽ ആദ്യമൂന്ന് സീസാണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമായിരുന്നു മെഹ്താബ് ഹൊസൈൻ. കൊപ്പലാശാന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഒരു പ്രധാന താരമായിരുന്നു മെഹ്താബ് ഹൊസൈൻ. താരത്തിനെ ക്ലബ്ബിൽ നിലനിർത്താൻ കൊപ്പലാശാൻ ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. മെഹ്താബ് ഹൊസൈൻ ക്ലബ്ബ് വിട്ടു.
റൈറ്റ് വിങ് – സി കെ വിനീത്
ക്ലബ് വിട്ടെങ്കിലും വിനീതിന്റെ ക്ലബ്ബിനായുള്ള സംഭാവനകൾ വളരെ വിലമതിക്കുന്നതായിരുന്നു. 11 ഗോളുകളുമായി ക്ലബ്ബിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾ വേട്ടക്കാരനാണ് അദ്ദേഹം.
സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ – ഇയാൻ ഹ്യൂം
സി കെ വിനീതും ഓഗ്‌ബെച്ചയും തന്റെ റെക്കോർഡ് തകർക്കുന്നത് വരെ ക്ലബ്ബിന്റെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായിരുന്നു അദ്ദേഹം. 11 ഗോളുകളാണ് അദ്ദേഹത്തിന്റെ ക്ലബ്ബിനായുള്ള സമ്പാദ്യം
ലെഫ്റ്റ് വിങ് /ലെഫ്റ്റ് വിങ് ബാക്ക് – ജോസു
2016 സീസണിന് ശേഷം ക്ലബ് വിട്ടെങ്കിലും ഏറ്റവും അസിസ്റ്റ് നേടിയ താരമെന്ന ഖ്യാതി ഇപ്പോഴും ജോസുവിനാണ് (6). ഒരു കാലത്ത് ക്ലബ്ബിന്റെ അഭിവാജ്യഘടകമായിരുന്നു ഈ താരം.
സ്‌ട്രൈക്കർ – മുഹമ്മദ് റാഫി
കേരള ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യ സീസണിൽ ആറ് ഗോളും മൂന്ന് അസിസ്റ്റും നേടി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. പ്ന്നീട് കഴിഞ്ഞ സീസണിൽ തിരിച്ചെത്തിയെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം കാര്യമായ അവസരം ലഭിച്ചിരുന്നില്ല
സ്‌ട്രൈക്കർ – ബർത്തോലോമ്യൂ ഓഗ്‌ബെച്ചേ
2019-20 സീസണിന് മുന്നോടിയായിട്ടാണ് ഓഗ്‌ബെച്ചേ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. താരത്തിന്റെ ക്ലബ്ബിനായുള്ള ആദ്യ സീസണിലെ പ്രകടനം വളരെ മികച്ചതായിരുന്നു. പോരാത്തതിന് 15 ഗോളുമായി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി മാറി അദ്ദേഹം
ഹെഡ് കോച്ച് – സ്റ്റീവ് കോപ്പൽ
എല്ലാ പരിശീലകരുടെയും വിജയ ശതമാനം കണക്കിലെടുത്താൽ സ്റ്റീവ് കോപ്പൽ ഇവരിലെല്ലാം മുന്നിട്ട് നിൽക്കും. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരിൽ ഏറ്റവും ജനപ്രീതിയും ഇദ്ദേഹത്തിനായിരുന്നു.