ഇന്ത്യൻ സൂപ്പർ ലീഗിൽ നാണക്കേടിന്റെ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കുറവ് മത്സരങ്ങൾ ജയിച്ച ഏക ടീമായി മാറി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരൊറ്റ മത്സരം മാത്രമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഈ സീസണിൽ ആദ്യം എടികെക്ക് എതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സി ബെംഗളൂരു എഫ്‌സിയെ അട്ടിമറിച്ച് ഒരു ജയം സ്വന്തമാക്കിയിരുന്നു. സീസണിൽ 15 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 6 എണ്ണത്തിൽ തോൽക്കുകയും 8 മത്സരങ്ങൾ സമനിലയിലാവുകയും ചെയ്തു. ഗോൾ വഴങ്ങുന്നതിലും മഞ്ഞപ്പട പിശുക്ക് കാട്ടിയില്ല. 25 ഗോളുകളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം ഈ സീസണിൽ തന്നെയാണ്. 2015 സീസണിൽ അവസാന സ്ഥാനത്തായിരുന്നിട്ട് കൂടി മഞ്ഞപ്പട മൂന്നു മത്സരങ്ങളിൽ ജയിച്ചിരുന്നു. കളിക്കളത്തിൽ മോശം പ്രകടനം കാരണം ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. മഞ്ഞക്കടലായിരുന്ന കൊച്ചി ഇപ്പോൾ ഒരു സ്വപ്നമായി മാത്രമാണ് അവശേഷിക്കുന്നത്.