റഫറിയുടെ പിഴവുകൾ ഫുട്ബോൾ ലോകത്ത് ആദ്യമല്ല. ആദ്യമായിട്ടല്ല റഫറിയുടെ പിഴവ് കാരണം ഒരു ടീമിന് മത്സരം നഷ്ടമാകുന്നതും. എങ്കിലും റഫറിയുടെ പിഴവുകൾ പരിധി ലംഘിക്കുമ്പോൾ പ്രതിഷേധമുയരേണ്ടത് അനിവാര്യമാണ്. ഇന്നലെ മത്സരത്തിൽ തുടർച്ചയായ പിഴവുകളാണ് റഫറി വരുത്തിയത്.
ക്യാപ്റ്റൻ സന്ദേശ് ജിങ്കന് ഫിസിയോയുമായി കൺസൾട്ട് ചെയ്യാനുള്ള അവസരം റഫറി നൽകിയില്ല. ഒരു പക്ഷെ ജിങ്കൻ ഉണ്ടായിരുന്നെങ്കിൽ ഡൽഹി ഡൈനാമോസിന് സമനില ഗോൾ നേടാൻ സാധിക്കുമായിരുന്നില്ല. അതിനു പിന്നാലെ റഫറി ഒരു പെനാൾട്ടി നിഷേധിച്ചത് ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു.
പന്തുമായി മുന്നേറിയ സി കെ വിനീതിനെ പ്രിതം കൊട്ടാൽ ഫൗൾ ചെയ്തത് ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ റഫറി മാത്രമാണ് കാണാതിരുന്നത്. സി കെ വിനീതിനെ പിന്നിൽ നിന്നും അതിഭീകരമായാണ് പ്രീതം കൊട്ടാൽ ഫൗൾ ചെയ്തത്. ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് വേദനയാൽ നിലത്തു വീണു കരഞ്ഞിട്ടും റഫറി പെനാൽറ്റി വിധിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ ഇത്രയ്ക്ക് മോശം റഫറിയിങ് നടത്തിയ മറ്റൊരു മത്സരം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കരുത്. സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന പ്രതിഷേധങ്ങൾ ഗാലറിയിലെ എത്തിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വിദേശ ക്ലബ്ബുകളോട് കിടപിടിക്കുന്ന ആരാധക കൂട്ടായ്മയുള്ള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബ്ബുകളുടെ ചുവട് പിടിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം.
റഫറിയിങ്ങിനെതിരെ ഉള്ള താരങ്ങളുടെ പ്രതിഷേധത്തിന്റെ പരിമിതി ഇന്നലെ സികെ വിനീത് തുറന്നു പറഞ്ഞതാണ്. പ്രതിഷേധമുയരേണ്ടത് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനിൽ നിന്നുമാണ്. പ്രതിഷേധിക്കേണ്ടത് സ്റേഡിയത്തിനകത്താണ്.