പൂനെയോടൊപ്പം റഫറി കളിച്ചിട്ടും പൊരുതി നിന്ന് കേരളം ബ്ലാസ്റ്റേഴ്‌സ്. പൂനെ – ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ. തെറ്റായ തീരുമാനങ്ങൾ മാത്രമെടുത്ത റഫറി ഇന്ത്യൻ സൂപ്പർ ലീഗിന് അപമാനമായി. ഒരു കേരള ബ്ലാസ്റ്റേഴ്സ് ഗോൾ റഫറി അനുവദിക്കാതിരിക്കുകയും ഒരു തെറ്റായ പെനാൽറ്റി പൂനെയ്ക്ക് നൽകുകയും ചെയ്തു ഇന്നത്തെ റഫറി.
കളി തുടങ്ങി 13ആം മിനുട്ടിലായിരുന്നു പൂനെയുടെ ഗോൾ. വിദേശ താരം സ്റ്റാങ്കോവിചിന്റെ ഷോട്ട് നവീൻ കുമാറിന് കീഴടക്കാൻ സാധിച്ചില്ല.മത്സരത്തിൽ പക്ഷെ നിറഞ്ഞ് കളിച്ചത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ആദ്യ പകുതി മുഴുവൻ മികച്ച പ്രകടനം കാഴ്ചവെക്കാനും കേരള ബ്ലാസ്റ്റേഴ്സ് സാധിച്ചു. ഗോളിന് ശേഷം തീർത്തും ആക്രമണത്തിലേക്ക് നീങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല.
41ആം മിനുട്ടിൽ ആയിരുന്നു റഫറിയുടെ ആദ്യ തെറ്റായ തീരുമാനം വന്നത്. ഒരു കോർണറിൽ നിന്ന് നികോളയുടെ ഷോട്ട് ഗോൾ വര കടന്നു എങ്കിലും റഫറി ഗോൾ നിഷേധിച്ചു. 57ആം മിനുട്ടിൽ ആയിരുന്നു റഫറിക്ക് രണ്ടാമതും തെറ്റിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പെനാൽറ്റി ബോക്സിൽ അൽഫാരോ നടത്തിയ ഡൈവിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഇവിടെയും ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധങ്ങൾക്ക് റഫറി പുല്ലുവില കല്പിച്ചു.
61ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില ഗോൾ പിറന്നു നിക്കോളായാണ് ഗോളടിച്ചത്.