ആദ്യ വെടി ആശാന്റെ നെഞ്ചത്ത്, കടം വീട്ടി ബ്ലാസ്റ്റേഴ്‌സ്, കലിപ്പടക്കി ഷൈജു ദാമോദരൻ

“ചങ്കുപെടച്ചു… ഞരമ്പില് തീയുപിടിച്ചു… കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോൾ”.. ഇന്ത്യൻ സൂപ്പർ ലീഗിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ‘മാർട്ടിൻ ടെയ്ലർ’ ഷൈജു ദാമോദരന്റെ ഫുട്ബോൾ കമന്ററിയും. സാധാരണക്കാരിൽ സാധാരണക്കാരന് പോലും മനസിലാകുന്ന വിധത്തിൽ കാൽപ്പന്തിന്റെ കമനീയത വിവരിക്കുന്ന ഫുട്ബോൾ കമന്ററി പുതിയ സീസണിനൊപ്പം തിരിച്ചു വന്നു. റഷ്യൻ ലോകകപ്പിന് ശേഷം മലയാളി ഫുട്ബോൾ ആരാധകർ കളിക്കളത്തിലെ സ്പന്ദനമറിയാൻ ഷൈജുവിനായി ചെവിയോർക്കുന്നു.

സമീപകാലത്തെ കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ വളർത്തുന്നതിൽ ഷൈജു ദാമോദരന്റെ കമന്ററിയും വലിയ പങ്കു വഹിച്ചിരുന്നു. ” സുഷാന്ത് മാത്യുവിന്റെ കാലിൽ നിന്ന് ഒരു മഴവില്ല്, കോപ്പലാശാന്റെ കപ്പൽ, ഈ സീസണിലെ ഓട് മുംബൈ കണ്ടം വഴി, ശുക്രൻ ഹബീബി അൽഫ് മറ…” തുടങ്ങി അനേകം ഷൈജു കമേന്ററികൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറിനും സ്റ്റാർ സ്പോർട്സിനും പകരം മഞ്ഞപ്പടയുടെ ആരാധകർ ഏഷ്യാനെറ്റ് മൂവീസ് കാണാൻ കാരണക്കാരനും ഷൈജു ദാമോദരൻ തന്നെ.

ഇരുന്നൂറിലധികം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കമന്ററി പറഞ്ഞ ഷൈജു ദാമോദരൻ ഈ സീസണിലും മഞ്ഞപ്പടയ്ക്ക് ആവേശമായി കൂടെയുണ്ട്. മഞ്ഞപ്പടയുടെ കടുത്ത ആരാധകനായ ഷൈജു ദാമോദരന്റെ ഓരോ വാക്കും ചെന്ന് കേറുന്നത് നെഞ്ചിൽ മഞ്ഞപ്പടയെ പ്രതിഷ്ഠിച്ച ആരാധകരിലേക്കാണ്. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ കണ്ഠം വഴി ഓടിച്ച് ബ്ലാസ്റ്റേഴ്‌സ് തുടങ്ങി. ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ വിജയത്തിനും ഷൈജു ദാമോദരന്റെ സൂപ്പർ പഞ്ചിനുമായി നമുക്ക് കാത്തിരിക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here