ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൗത്തിന്ത്യൻ ഡെർബി. ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ കരുത്തരായ ബെംഗളൂരു എഫ്.സിയാണ് നേരിടുക. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ഫൈനലില്‍ ബെംഗളൂരു എഫ്.സിയെ തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ തങ്ങളുടെ രണ്ടാം ഐ.എസ്.എല്‍ കിരീടം ചൂടിയത്. ലീഗ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു എഫ് സിയെ ഫൈനലില്‍ 3-2ന് മറികടന്നാണ് ചെന്നൈയിന്‍ കിരീടം നേടിയത്.
ബെംഗളൂരു എഫ്.സിയുടെയും ആരാധകരുടെയും ലക്‌ഷ്യം കഴിഞ്ഞ സീസണിലെ കണക്ക് തീർക്കണം എന്നത് തന്നെയാണ്. ചെന്നൈയിന്‍ എഫ്.സിക്ക് പ്രീസീസണിൽ തിരിച്ചടിയാണ് നേരിട്ടത്. കിരീടം നേടി കൊടുത്ത ജോണ്‍ ഗ്രിഗറിയെ നില നിര്‍ത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ അവരുടെ ടീമിലെ കുന്തമുനയായിരുന്ന ഹെന്‍റിക് സെറെനോയുടെയും റെനേ മിഹേലിച്ചിന്റെയും അഭാവം ചെന്നൈയിന്‍ എഫ്.സിക്ക് വിനയാകാൻ സാധ്യതയുണ്ട്.
മികുവും ഛേത്രിയും ചെഞ്ചോയും അടങ്ങുന്ന സൂപ്പർ താരനിരയാണ് ബെംഗളൂരു എഫ്.സിയുടെ ശക്തി. പ്രീസീസണിൽ മികച്ച പ്രകടനമാണ് ബെംഗളൂരു എഫ്.സി കാഴ്‌ച വെച്ചത്. കഴിഞ്ഞ തവണ ബെംഗളൂരുവിനെ ഫൈനലില്‍ എത്തിച്ച ആല്‍ബര്‍ട്ട് റോക്കയുടെ സഹപരിശീലകനായിരുന്ന കാര്‍ലെസ് ക്യൂഡ്രാട് ആണ് ബെംഗളൂരു എഫ്.സിയെ ഐ.എസ്.എല്ലില്‍ ഇറക്കുന്നത്. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം അടുത്ത സീസണിൽ നേടാനാണ് അവരുടെ ശ്രമം.