ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ മുംബൈ സിറ്റി ജംഷദ്പൂർ എഫ്സിയെ നേരിടും. ഇന്നത്തെ മത്സരത്തോടു കൂടി മുംബൈയിലെ ഐ എസ് എൽ സീസണിന് തുടക്കമാകും. ഇന്ന് മുംബൈ അരീനയിൽ നടക്കുന്ന മത്സരത്തിൽ രണ്ട് പുതിയ പരിശീലകർ തമ്മിലുള്ള പോരാട്ടം നടക്കും. മുംബൈ സിറ്റിയെ ജോർഗെ കോസ്റ്റയും, ജംഷദ്പൂരിനെ സീസർ ഫെറാണ്ടോയുമാണ് പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ പ്ലേയ് ഓഫിന് യോഗ്യത നേടാൻ കഴിയാതിരുന്ന ഇരു ടീമുകളും ഈ സീസണിൽ പരിശ്രമിക്കുക പ്ലേയ് ഓഫിന് വേണ്ടിയാകും.
പ്രീസീസണിൽ തകർപ്പൻ പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. പ്രീസീസണിൽ ഏഴു മത്സരങ്ങൾ വിജയിച്ചാണ് മുംബൈ എത്തിയിരിക്കുന്നത്. രണ്ടു സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് മുംബൈയിൽ ജംഷദ്പൂർ ഇറങുന്നത്. ജംഷദ്പൂരിന്റെ വമ്പൻ സൈനിംഗ് ആയ ടിം കാഹിലും, ഗോൾകീപ്പർ സുബ്രതാ പോളുമാണ് ഇന്ന് കളത്തിന് പുറത്തിരിക്കുക. സസ്പെൻഷൻ കാരണം ആണ് ഇരു താരങ്ങളും പുറത്ത് ഇരിക്കുന്നത്. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.