ഇന്ത്യൻ സൂപ്പർ ലീഗിന് കൊഴുപ്പ് കൂട്ടാൻ ജംഷദ്പൂരിന്റെ സൂപ്പർ താരമിറങ്ങുന്നു. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ഇതിഹാസം ടിം കാഹില്‍ ആണ് ഇന്ന് ജംഷദ്പൂരിനു വേണ്ടി ഇറങ്ങുക. ഐ.എസ്.എല്ലില്‍ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട സൈനിംഗുകളില്‍ ഒന്നാണ് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ടിം കാഹിലിന്റെത്. ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടന്റെ താരമായിരുന്ന കാഹിലിനെ സെപ്റ്റംബറിലാണ് ജംഷദ്പൂർ ടീമിൽ എത്തിച്ചത്.
ഫുട്ബോള്‍ അസോസിയേഷന്റെ വിലക്ക് കാരണം കാഹിലിന് ആദ്യ മത്സരം നഷ്ടമായിരുന്നു. മൂന്ന് മത്സരങ്ങളിലെ വിലക്കാണ് ടിം കാഹിലിന് ലഭിച്ചത്. ഇതിനു ശേഷം മില്വാല് എഫ്.സി രണ്ട് മത്സരങ്ങള്‍ കളിക്കുകയും സീസണിന് ശേഷം കാഹില്‍ ഐ.എസ്.എല്ലില്‍ എത്തുകയും ചെയ്തതോടെയാണ് ആദ്യ മത്സരം നഷ്ടമാകുന്നത്.
നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ 38കാരനായ സ്ട്രൈക്കര്‍ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററാണ്. 107 കളികളില്‍ 50 ഗോളുകള്‍ നേടിയ താരം റഷ്യന്‍ ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരുന്നു. ഓസീസ് കുപ്പായത്തില്‍ 14 വര്‍ഷം കളിച്ച താരം മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടി. സിഡ്നി ഒളിംപിക്സിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ കാഹില്‍ എവര്‍ട്ടണിനായി 226 മത്സരങ്ങളില്‍ 56 ഗോളുകളാണ് അടിച്ചുകൂട്ടിയത്.