ഏറെ നാളായുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് ഇന്നവസാനം. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനെ ഇന്ന് എ ഐ എഫ് എഫ് തിരഞ്ഞെടുത്തു. നാല് പേരുടെ ചുരുക്ക പട്ടികയിൽ നിന്നും ക്രൊയേഷ്യൻ ഇതിഹാസം ഇഗോർ സ്റ്റിമാക്കിനെ തിരഞ്ഞെടുത്തു.
ആദ്യമായല്ല ഒരു ദേശീയ ടീമിന്റെ പരിശീലകനായി ഈ ക്രൊയേഷ്യൻ ഇതിഹാസ താരമെത്തുന്നത്. സ്റ്റിമാക് 2012-13 കാലഘട്ടത്തിൽ ക്രൊയേഷ്യൻ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിരുന്നു. അവസാനമായി ഖത്തർ ക്ലബായ അൽ ഷഹാനിയയിൽ ആയിരുന്നു സ്റ്റിമാക് ഉണ്ടായിരുന്നത്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.
മുൻ ബെംഗളൂരു എഫ് സി പരിശീലകനായ ആൽബർട്ട് റോക, മുൻ കൊറിയൻ പരിശീലകൻ ലീ മിൻ സുംഗ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാൻ എറിക്സൺ എന്നിവരെ പിന്തള്ളിയാണ് സ്റ്റിമാക് ഇന്ത്യൻ പരിശീലകനാവാൻ വരുന്നത്. തായ്‌ലൻഡിലെ കിങ്‌സ് കപ്പാണ് ഇന്ത്യൻ പരിശീലകന്റെ മുന്നിലുള്ള വലിയ ദൗത്യം.