നീണ്ട 22 വര്‍ഷത്തെ കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ മലർത്തിയടിച്ച് ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി യും ഒഡീഷയിലെ റായിഗറിൽ നടന്ന എസ്.എസ്. സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്രമുഖ ടീമുകളെ കീഴടക്കി റണ്ണേഴ്സ് കിരീടം നേടിയ ബിസ്മി സാറ്റും തമ്മിൽ നേർക്കുനേർ കൊമ്പ് കോർക്കുന്നു. കേരളത്തിലെ ഫുട്ബോൾ ആരാധകർ കാത്തിരുന്ന സ്വപ്ന മത്സരത്തിന് കളമൊരുങ്ങുന്നതാവട്ടെ മലബാറിലെ ഫുട്ബോൾ ഈറ്റില്ലമായ മലപ്പുറത്തും. ഒക്ടോബർ 12 ന് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ തീപാറും മത്സരം.
ഫുട്ബോൾ ആരാധകരെ കളിയാവേശത്തിന്റെ കടലലകളിലേക്ക് കൊണ്ടുപോകുന്ന ഈ കാല്പന്ത് യുദ്ധത്തിൽ, അണമുറിയാതെ ഒഴുകിയെത്തി ഗാലറിയിൽ ആരവം തീർക്കുന്ന കളിക്കമ്പക്കാരുടെ ആവേശാരവങ്ങൾക്ക് കാരുണ്യത്തിന്റെ സ്പർശവുമുണ്ടാവും. നിലമ്പൂരിൽ പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഫുട്ബോൾ താരങ്ങളായ മൂന്ന് സഹോദരങ്ങൾക്ക് വീട് നിർമിക്കുന്നതിനായുള്ള ധനശേഖരണാർഥമാണ് ബിസ്മി സാറ്റും ഗോകുലം എഫ്.സി യും തമ്മിലുള്ള ഈ പ്രദർശന മത്സരം ഒരുക്കുന്നത്. മലപ്പുറം ജില്ലാ ഫുട്ബോൾ കൂട്ടായ്മയാണ് മത്സരം സംഘടിപ്പിക്കുന്നത്. 10 ലക്ഷം രൂപ ഈ മത്സരത്തിലൂടെ സ്വരൂപിക്കാനാണ് ഫുട്ബോൾ കൂട്ടായ്മ ലക്ഷ്യമിടുന്നത്.
വരൂ കാല്പന്ത് സ്നേഹികളെ, ജീവകാരുണ്യത്തിന്റെ മഹാമാതൃക തീർക്കുന്ന ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാവാൻ നിങ്ങളെ ഓരോരുത്തരേയും ഹൃദ്യമായി ക്ഷണിക്കുകയാണ്. കളിയിലൂടെ കാരുണ്യം പിറക്കുന്ന ഈ സുന്ദരമുഹൂർത്തത്തിൽ ഒരു ബിന്ദുവായി അലിഞ്ഞുചേരാൻ, സാന്നിധ്യം കൊണ്ട് ധന്യമാക്കാൻ ഈ വരുന്ന 12 ന് വൈകുന്നേരം 4 മണിക്ക് മലയാള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക്. മ്മുടെ സഹോദരങ്ങളായ ഈ മൂന്ന് ഫുട്ബോൾ കളിക്കാരുടെ പുതിയ സ്വപ്നങ്ങളെ നമുക്ക് താലോലിക്കാം, നമുക്കൊന്നിച്ചിരുന്ന് നിറങ്ങൾ നൽകാം, കാല്പന്ത് കളിയിലൂടെ കാരുണ്യത്തിന്റെ പുതിയ കഥകൾ രചിക്കാം.