ഐ ലീഗിൽ തങ്ങളുടെ ആദ്യ ജയം തേടി ഗോകുലം കേരള ഇന്ന് കോഴിക്കോട് ഇറങ്ങും. ഐ ലീഗിൽ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനാണ് ഗോകുലം ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയ ഗോകുലം തങ്ങളുടെ ആദ്യ ജയം തേടിയാണ് ഇന്ന് സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ കോഴിക്കോട് വെച്ച് കൊൽക്കത്ത വമ്പന്മാരായ മോഹൻ ബാഗാനോട് 1-1ന് സമനില വഴങ്ങിയ ഗോകുലം രണ്ടാം മത്സരത്തിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്.സിയോടും ഗോകുലം 1-1ന് സമനില പിടിച്ചിരുന്നു. രണ്ടു മത്സരത്തിലും മികച്ച പ്രകടനമായിരുന്നു ഗോകുലം പുറത്തെടുത്തത് എങ്കിലും ആദ്യ ജയം സ്വന്തമാക്കാൻ അവർക്കായിരുന്നില്ല.
അതെ സമയം മികച്ച ഫോമിലുള്ള ചെന്നൈ സിറ്റി എഫ് സി ലീഗിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ആരോസിനെ 4-1 തോൽപ്പിച്ച ചെന്നൈ സിറ്റി രണ്ടാം മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ചർച്ചിൽ ബ്രദർസിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. അതെ സമയം ഗോകുലത്തിനെതിരെ ഐ ലീഗിൽ ജയിക്കാൻ ചെന്നൈ സിറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു തവണ ഗോകുലം ജയിക്കുകയും ഒരു മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തിൽ കോഴിക്കോട് കളി കാണാനെത്തിയ റെക്കോർഡ് ജനക്കൂട്ടം ഇന്നും ഉണ്ടാവും എന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ.