ഐ ലീഗിൽ ഇന്ന് തങ്ങളുടെ സീസണിലെ ആദ്യ ജയം തേടി ഗോകുലം കേരള ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിടും. ഇന്ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും ഒരു തോൽവിയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. സ്വന്തം കാണികൾക്ക് മുൻപിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ ഉറച്ച് തന്നെയാവും ഗോകുലം ഇന്ന് ഇറങ്ങുക.
അതെ സമയം ഇന്നത്തെ മത്സരത്തിന് കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം അർജുൻ ജയരാജ് ഇല്ലാത്തത് ഗോകുലത്തിനു തിരിച്ചടിയാണ്. പനി മൂലമാണ് അർജുൻ ജയരാജിന് ഇന്നത്തെ മത്സരം നഷ്ടമാവുക. കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് കണ്ട മുഡെ മൂസയുടെ സേവനവും ഗോകുലത്തിനു നഷ്ട്ടമാകും. മുന്നേറ്റ നിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ അന്റോണിയോ ജർമന്റെ ഫോം ഇല്ലാഴ്മയാണ് പരിശീലകൻ ബിനോ ജോർജിനെ കുഴക്കുന്നത്. കഴിഞ്ഞ ദിവസം ഗോകുലത്തോടൊപ്പം ചേർന്ന വിദേശ താരം ആർതർ ഇന്നും പകരക്കാരുടെ ബെഞ്ചിലാവും.
ഷില്ലോങ് ആവട്ടെ ആദ്യ മത്സരത്തിൽ ഐസ്വാളിനെതിരെ ജയിച്ചെങ്കിലും തുടർന്ന് ഈസ്റ്റ് ബംഗാളിനെതിരെയും ഇന്ത്യൻ ആരോസിനെതിരെയും പരാജയപ്പെടുകയായിരുന്നു.