ഐ ലീഗിൽ കരുത്തന്മാരായാ നെറോക്ക എഫ്.സിയെ അവരുടെ നാട്ടിൽ സമനിലയിൽ തളച്ച് ഗോകുലത്തിന്റെ ചുണക്കുട്ടികൾ. 1-1നാണ് നെറോക്കയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോകുലം സമനില പിടിച്ചത്. കഴിഞ്ഞ തവണത്തെ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് നെറോക്ക.
ബോറിങ്ഡാവോ ബോഡോയാണ് ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഗോകുലത്തിനു ലീഡ് നേടി കൊടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ ഫെരേരയിലൂടെ നെറോക്ക സമനില പിടിക്കുകയായിരുന്നു. ഗോകുലത്തിനു വേണ്ടി പ്രീതമും പകരക്കാരനായി ഇറങ്ങിയ സുഹൈറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതെ സമയം ലീഡ് വഴങ്ങിയതിനു ശേഷം മത്സരം കൈവിട്ടത് ഗോകുലം പരിശീലകനായ ബിനോ ജോർജിനെ കുഴക്കും. ഗോൾ നേടിയതോടെ പ്രതിരോധത്തിൽ ഊന്നി കളിച്ചതാണ് അവർക്ക് തിരിച്ചടിയായത്.
ഐ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോകുലത്തിനു രണ്ടു പോയിന്റാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഗോകുലം കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനെയും സമനിലയിൽ തളച്ചിരുന്നു.