റിയൽ കാശ്മീരിനെതിരെ AIFFന് പരാതി നൽകി ഗോകുലം. സന്ദർശകരായ റിയൽ കാശ്മീർ ടീം ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നതും ഗോകുലത്തിന്റെ ഒഫീഷ്യൽസിനെ കയ്യേറ്റം ചെയ്തതും വിവാദമാവുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മത്സരം നടക്കുന്ന ഈഎംഎസ് സ്റ്റേഡിയത്തിൽ കയറി പ്രശ്നമുണ്ടാക്കിയതും ഒഫീഷ്യലുകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് റിയൽ കാശ്മീർ ആണെന്നും ഗോകുലം പറയുന്നു.
മെഡിക്കൽ കോളേജ് ഗ്രൗണ്ട് ആണ് പ്രാക്ടീസിനായി ഗോകുലം നൽകിയത്. അവിടെ തന്നെയാണ് ഗോകുലവും പരിശീലനം നടത്തുന്നത്. എന്നാൽ അതിനു പകരം മാച്ച് നാളെ നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിലാണ് റിയൽ കാശ്മീർ കോച്ചും സംഘവും ചെന്നത്. ഹർത്താലായിട്ടും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയ ഗോകുലത്തിനെതിരെയാണ് റിയൽ കാശ്മീർ ആരോപണം ഉന്നയിച്ചത്.
ഗ്രൗണ്ടിന്റെ ചുമതലയുള്ള കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒഫീഷ്യൽ ആയ ഹമീദിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഐലീഗിന്റെ ഗ്രൗണ്ടിലെ ബാന്നറുകളും റിയൽ കാശ്മീർ ടീം തകർത്തുവെന്നും ഗോകുലം പറയുന്നുണ്ട്. ഇതെല്ലാം വിശദമാക്കി എഫ് സി എ ഐ എഫ് എഫിൽ പരാതി നൽകിയിട്ടുണ്ട്.