തുടർച്ചയായ പത്ത് ജയങ്ങളുമായി ഗോകുലം കേരള

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പത്താം മത്സരവും ജയിച്ച് ഗോകുലം കേരള. ഇന്നലെ (22-5-2022) നടന്ന മത്സരത്തില്‍ 7-1 എന്ന സ്‌കോറിന് സ്‌പോട്‌സ് ഒഡിഷയെ പരാജയപ്പെടുത്തിയാണ് മലബാറിയന്‍സ് ലീഗിലെ പത്താം മത്സരവും അവിസ്മരണീയമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലം കേരള ആധികാരിക ജയമായിരുന്നു സ്വന്തമാക്കിയത്.

63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മലബാറിയന്‍സ് 32 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തത്. ഇതില്‍ 18 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. നാലു ഗോളുമായി മിന്നും പ്രകടനം പുറത്തെടുത്ത ഘാന താരം എല്‍ഷദായ് അചെങ്‌പോയാണ് ഗോകുലത്തിന് അനായാസ ജയം സമ്മാനിച്ചത്. 5, 23, 78, 87 മിനുട്ടുകളിലായിരുന്നു എല്‍ഷദായിയുടെ ഗോളുകള്‍ പിറന്നത്. 45ാം മിനുട്ടില്‍ മനീഷ കല്യാണ്‍, 63,68 മിനുട്ടുകളില്‍ സൗമ്യ എന്നിവരും ഗോകുലത്തിനായി വലകുലുക്കി. 24ാം മിനുട്ടില്‍ പ്യാരി കാകയുടെ വക ഒഡിഷ സ്‌പോട്‌സിന്റെ ആശ്വാസ ഗോള്‍ പിറന്നു. ലീഗില്‍ ഗോകുലം വഴങ്ങുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്.

ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-1ന് മുന്നിലായിരുന്ന ഗോകുലം രണ്ടാം പകുതിയിലാണ് നാലു ഗോളുകളും സ്വന്തമാക്കി മികച്ച ജയം സ്വന്തമാക്കിയത്. 10 മത്സരത്തില്‍ നിന്ന് 30 പോയിന്റുമായി ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ സേതു എഫ്.സിയെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഗോകുലംത്തിന് വനിതാ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here