ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഫുട്ബാളിന്റെ പറുദീസയാണെന്നു വിളിച്ച് പറയുന്നതായിരുന്നു ഇന്നത്തെ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയത് ഫുട്ബോൾ സിനിമകളാണ്. സുഡാനി ഫ്രം നൈജീരിയയും ക്യാപ്റ്റനും ഇന്ന് അവാർഡിന്റെ തിളക്കത്തിലാണ്.
മലബാറിന്റെ ജീവനായ സെവൻസ് ഫുട്ബോളിനെ ഇതിവൃത്തമായി സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. സക്കറിയയും മുഹ്സിൻ പരാരിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ നേടി. സ്വഭാവ നടിക്കുള്ള പുരസ്കാരം സുഡാനിയിലെ മാസ്മരിക പ്രകടനത്തിന് സാവിത്രി ശ്രീധരൻ നേടി.
ക്യാപ്റ്റനിലെയും മേരിക്കുട്ടിയിലെയും പ്രകടനത്തിന് ജയസൂര്യയും സുഡാനിയിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വിപി സത്യനെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് ക്യാപ്റ്റനിലൂടെ ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.