സ്വന്തം സ്റ്റേഡിയവുമായി വരാൻ സാറ്റ് തിരൂർ, കായിക കേരളത്തിന് പുത്തനുണർവ്വ്

ചുരുങ്ങിയ കാലം കൊണ്ട് കാല്പന്ത് ലോകത്ത് നിരവധി സ്വപ്ന നേട്ടങ്ങളോടെ ശ്രദ്ധേയരായ സ്പോർട്സ് അക്കാഡമി തിരൂർ (സാറ്റ്) ന് സ്വന്തമായി സ്റ്റേഡിയമൊരുങ്ങുന്നു. സാറ്റിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയം യാഥാർഥ്യമാവുന്നതോടെ കായിക കേരളത്തിന്റെ പ്രതീക്ഷകൾ ഉയരും. അത്യാധുനിക സൗകര്യത്തോടെ, ലോകോത്തര നിലവാരത്തിൽ വരുന്ന സ്റ്റേഡിയം നിർമിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കേരളത്തിനകത്തും പുറത്തും പ്രഗൽഭ ടീമുകളുമായി മാറ്റുരച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ സാറ്റ്, ലീഗ് ഫുട്ബോളിലെ കരുത്തരാണ്. കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ പ്രമുഖ ടീമുകളെയെല്ലാം വ്യക്തമായ മാർജിനിൽ അട്ടിമറിച്ച് കാല്പന്ത് ലോകത്ത് അത്ഭുതങ്ങൾ കാട്ടിയ സാറ്റ് ഏത് വമ്പൻ ക്ലബ്ബുകളെയും പരാജയപ്പെടുത്താൻ കഴിവുള്ള ടീമായി മാറിക്കഴിഞ്ഞു.

സാറ്റ് ട്രഷററും തെയ്യമ്പാട്ടിൽ ഗ്രൂപ് ചെയർമാനുമായ തെയ്യമ്പാട്ടിൽ ഷറഫുദ്ധീന്റെ കല്പകഞ്ചേരിയിലെ വസതിയിൽ വെച്ച് ചേർന്ന സാറ്റിന്റെ ഭാരവാഹികളുടെ യോഗത്തിൽ സ്റ്റേഡിയത്തെകുറിച്ച് വിശദമായി ചർച്ച ചെയ്തു. അത്യാധുനിക സംവിധാനത്തിൽ വരുന്ന സ്റ്റേഡിയത്തിന്റെ പ്രൊജക്ട് റിപ്പോർട്ട് തെയ്യാറാക്കാൻ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. സാറ്റിന്റെ മുഖ്യ രക്ഷാധികാരി പി.വി. അബ്ദുൽ വഹാബ് എം.പി യുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ഇതിന് അന്തിമരൂപം നൽകും.

ഈ സീസണിൽ സാറ്റിൽ നിന്നും ഇന്ത്യയിലെ വിവിധ പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാടിന്റെ അഭിമാനമായി മാറിയ ഫുട്ബോൾ താരങ്ങൾക്ക് സെപ്തംബർ ആദ്യവാരത്തിൽ സ്വീകരണം നൽകുവാനും യോഗം തീരുമാനിച്ചു. സാറ്റിന്റെ ഏഴോളം താരങ്ങളാണ് ഈ സീസണിൽ വിവിധ ക്ലബ്ബുകളുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

പ്രമുഖ വ്യവസായിയും ഹോം സ്റ്റെഡ് ബിൽഡേഴ്സ് ചെയർമാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും
സാറ്റിന്റെ ജനറൽ സെക്രട്ടറിയുമായ കെ. മുഹമ്മദ് ആഷിഖ് യോഗം ഉദ്ഘാടനം ചെയ്തു. ദുബൈ റിജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സാറ്റ് പ്രസിഡന്റുമായ ഡോക്ടർ സി. അൻവർ അമീൻ അധ്യക്ഷത വഹിച്ചു. സീസണിലെ പുതിയ സ്പോൺസർമാരെ ഡോ. അൻവർ അമീൻ, മുഹമ്മദ് ആഷിഖ്, തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. സാറ്റ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദാലി എന്ന കുഞ്ഞിപ്പ റിപ്പോർട്ട് അവതരിപ്പിച്ചു.

രക്ഷാധികാരികളായ ദുബൈ റിജൻസി ഗ്രൂപ് ചെയർമാൻ എ.പി. ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീൻ, ഖത്തറിലെ വ്യവസായിയും പ്രമുഖ ഫുട്ബോൾ സംഘാടകനുമായ ഈസക്ക, എ.എ.കെ. മുസ്തഫ, എ.പി. ആസാദ്, വി.പി. ലത്തീഫ് കുറ്റിപ്പുറം, മുഹമ്മദ് അഷ്‌റഫ്‌ കാടാമ്പുഴ, കെ. മുഹമ്മദ്, മൊയ്‌തീൻ പുത്തനത്താണി, അഷ്‌കർ വി ബ്രാൻഡ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി. മൊയ്തീൻ കുട്ടി സ്വഗതവും തെയ്യമ്പാട്ടിൽ ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here