പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പർ പീറ്റർ ചെക്കിന് പ്രീമിയർ ലീഗിൽ നിന്ന് പടിയിറക്കം. 15 വർഷത്തോളം പ്രീമിയർ ലീഗിൽ കളിച്ച പീറ്റർ ചെക്ക് 443 മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. 36കാരനായ പീറ്റർ ചെക്ക് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്‌ളീൻ ഷീറ്റ് നേടിയ റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 202 മത്സരങ്ങളിൽ പീറ്റർ ചെക്കിനെ മറികടന്ന് എതിരാളികൾക്ക് ഗോൾ നേടാനായിരുന്നില്ല. 2004/05 സീസണിൽ ചെക്ക് സ്വന്തമാക്കിയ 24 ക്‌ളീൻ ഷീറ്റുകൾ ആണ് ഒരു സീസണിൽ ഒരു പ്രീമിയർ ലീഗ് ഗോൾ കീപ്പർ സ്വന്തമാക്കുന്ന ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്.
11 സീസണുകളിൽ ചെൽസിക്ക് വേണ്ടി കളിച്ച പീറ്റർ ചെക്ക് അവസാനം കളിച്ച 4 സീസണുകൾ ആഴ്‌സണലിന് വേണ്ടിയായിരുന്നു. ഈ സീസണിന്റെ തുടക്കം മുതൽ ആഴ്‌സണൽ നിരയിൽ രണ്ടാം ഗോൾ കീപ്പറായി മാറിയ പീറ്റർ ചെക്ക് ഈ സീസണിന്റെ അവസാനത്തോടെ സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഴ്‌സണലിന്റെ ഈ സീസണിലെ അവസാന മത്സരമായ ചെൽസിക്കെതിരെയുള്ള യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്‌സണൽ വല കാക്കാൻ പീറ്റർ ചെക്ക് അവസാനമായി ഇറങ്ങും എന്നത് ചരിത്രം കരുതിവെച്ചതാവും.
4 തവണ ചെൽസിയുടെ കൂടെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ പീറ്റർ ചെക്ക് 4 തവണ ഗോൾഡൻ ഗ്ലോവ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ക്ലബായ റെന്നീസിൽ നിന്ന് 2004ൽ പീറ്റർ ചെക്ക് ചെൽസിയിൽ എത്തുന്നത്. നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ കൂടാതെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, നാല് എഫ്.എ കപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവയും പീറ്റർ ചെക്ക് സ്വന്തമാക്കിയിട്ടുണ്ട്.