ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്ക്. ഇന്ത്യൻ അക്രമണത്തെ നയിക്കുന്ന പടത്തലവനില്ലാത്തത് ലോകകപ്പ് യോഗ്യത സ്വപ്നം കാണുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുമപ്പുറമാണ്. ഒമാനെതിരെ അവസാന നിമിഷം വഴങ്ങിയ രണ്ട് ഗോളിൽ തോറ്റ ഇന്ത്യക്ക് ഏക പ്രതീക്ഷയായിരുന്നു ഖത്തറിലെ വമ്പൻ ജയം. എന്നാൽ നൂറ് കോടി ജനങ്ങളുടെ പ്രതിക്ഷകളേയും കാറ്റിൽ പറത്തുന്ന വാർത്തയാണ് പുറത്ത് വന്നത്. അന്ന് ഒമാനെതിരെ ബ്രണ്ടൻ എടുത്ത ഫ്രീകിക്കിൽ ഒമാൻ പ്രതിരോധത്തെ തെറ്റിദ്ധരിപ്പിച്ചാണ് വെടിക്കെട്ട് ഗോൾ സുനിൽ ഛേത്രി നേടിയത്.
ഖത്തറിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ ഛേത്രിയുണ്ടാവില്ല. പരിക്കേറ്റ ഛേത്രി ഇന്ന് പരിശീലനത്തിനുമിറങ്ങിയില്ല. നാളെ അവസാനത്തെ ടെയിനിങ് സെഷൻ കൂടെ കഴിയുന്നത് വരെ ഛേത്രിയിൽ പ്രതീക്ഷ വെക്കുകയാണ് പരിശീലകൻ സ്റ്റിമാച്. സ്റ്റിമാചിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായാൽ മൻവീറോ ബല്വന്തോ ഛേത്രിക്ക് പകരമിറങ്ങും. നിർണായക ഘട്ടത്തിൽ ക്യാപ്റ്റനെ നഷ്ടപ്പെട്ടത് ഓർക്കാപ്പുറത്തുള്ള അടിയായി ഇന്ത്യൻ ഫുട്ബോളിന്.