വീണ്ടും ഞെട്ടിക്കുന്ന ട്രാൻസ്ഫറുമായി കേരള ബ്ലാസ്റ്റേഴ്സ്.
ചരിത്രത്തിലെ ഏറ്റവും മോശം കളിയുമായി സീസൺ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കപ്പ് നോക്കിയാണ് ഇറങ്ങുന്നത്. മികച്ച താരങ്ങളെ അണിനിരത്തി അടുത്ത സീസണിൽ കൈവിട്ട ആരാധകരെ തീരികെ കൊണ്ടു വരികയാണ് ലക്ഷ്യം.
സ്പാനിഷ് താരങ്ങളെ ടീമിൽ എത്തിക്കുക എന്ന ഏറെക്കാലമായിട്ടുള്ള ആരാധകരുടെ ആവശ്യത്തിന് ബ്ലാസ്റ്റേഴ്‌സ് ചെവി കൊടുത്തു. ജെംഷെഡ്പൂരിന്റെ സ്പാനിഷ് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചി. ആരാകസിന്റെ പിന്നാലെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീം താരം സെര്‍ജിയോ സിഡോഞ്ചയെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ എത്തിച്ചു.
ജെംഷെഡ്പൂരിന്റെ ഗോളടി വീരനായ സെര്‍ജിയോ സിഡോഞ്ച ഇന്ത്യൻ സൂപ്പർ ലീഗിലെ എണ്ണം പറഞ്ഞ ഗോൾ വേട്ടക്കാരിൽ ഒരാളാണ്. മൈനേഴ്‌സിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഇരുപത്തിയെട്ടുകാരനെ ടീമിലെത്തിച്ച് കൊച്ചി ടീമിന് ആക്രമണം എളുപ്പമാക്കാനാണ് ശ്രമം. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സ്പാനിഷ് താരം ജെംഷെഡ്പൂരിനായി നേടി.
ഗോളടിപ്പിക്കുന്നതിനോടൊപ്പം തന്നെ ഗോളടിക്കാനും അദ്ദേഹത്തിനാകും. അതേൽറ്റിക്കോ മാഡ്രിഡിന് പുറമെ റയല്‍ സരഗോസ, ആല്‍ബസെറ്റ് എന്നി ടീമുകൾക്ക് വേണ്ടിയും സിഡോഞ്ച ബൂട്ടുകെട്ടിയിട്ടുണ്ട്.