കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടും. കൊച്ചിയും കലൂർ സ്റ്റേഡിയവും പരിസരവും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെകൊണ്ട് മഞ്ഞ പുതക്കും. കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്.
അത് കൊണ്ട് തന്നെ ആരാധകർ എല്ലാം ആവേശത്തിലാണ്. കഴിഞ്ഞ ദിവസം എ.ടി.കെയുമായുള്ള മത്സരം കഴിഞ്ഞു കൊച്ചിയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആരാധകർ മികച്ച വരവേൽപ്പും നൽകിയിരുന്നു. മുംബൈ സിറ്റി ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നത് കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോടേറ്റ തോൽവിക്ക് പിന്നാലെയാണ്. അവരുടെ ആദ്യ മത്സരത്തിൽ ജാംഷഡ്പൂർ എഫ്.സിയാണ് അവരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.
കഴിഞ്ഞ മത്സരത്തിൽ വിദേശ താരങ്ങളായ നിക്കോളയും സ്റ്റോഹനവിച്ചും പോപ്ലാനിക്കും മികച്ച പ്രകടനം പുറത്തെടുത്തതും പരിശീലകൻ ഡേവിഡ് ജെയിംസിന് ആത്മവിശ്വാസം നൽകും. മത്സരത്തിൽ സ്റ്റോഹനോവിച്ചും പോപ്ലാനിക്കും നേടിയ ഗോളുകളുടെ പിൻബലത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി മികച്ച പ്രകടനം പുറത്തെടുത്ത സി.കെ. വിനീതിന് ഇന്ന് ടീമിൽ സ്ഥാനം ഉണ്ടാവോ എന്ന് കാത്തിരുന്ന് കാണാം. രണ്ടാം പകുതിയിൽ സഹൽ അബ്ദുൽ സമദിന് പകരം ഇറങ്ങിയ പെകുസൺ ഇന്ന് ആദ്യ പതിനൊന്നിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.