കൊച്ചിയിൽ മഞ്ഞക്കടൽ ഇരമ്പി, ബെംഗളൂവിനെയും തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് കുതിപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ് 3 ബെംഗളൂരു എഫ്‌സി 2

കൊച്ചി, ഡിസംബര്‍ 11: തുടര്‍ച്ചയായ അഞ്ചാം ജയവുമായി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. കൊച്ചിയില്‍ ബംഗളൂരു എഫ്സിയെ 3-2നാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. മാര്‍കോ ലെസ്‌കോവിച്ച്, ദിമിത്രിയോസ് ഡയമന്റാകോസ്, അപോസ്തലോസ് ജിയാനു എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസുമാണ് ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ഒമ്പത് കളിയില്‍ 18 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കും കുതിച്ചു.

ജംഷഡ്പൂരിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ജംഷഡ്പൂരിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്‌നി, ജീക്‌സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍.ബംഗളൂരുവിനായി വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സന്ധുവെത്തി. പ്രബീര്‍ ദാസ്, സന്ദേശ് ജിങ്കന്‍, അലെക്സാണ്ടര്‍ യൊവാനോവിച്ച്, നാംഗ്യാല്‍ ബൂട്ടിയ, റോഷന്‍ നവോറെം എന്നിവര്‍ പ്രതിരോധത്തില്‍. സുരേഷ് വാങ്ജം, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ഡാനിഷ് ഫാറൂഖ് എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ റോയ് കൃഷ്ണയും സുനില്‍ ഛേത്രിയും.

ഇടവേളയ്ക്കുശേഷം കൊച്ചിയില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് മനോഹര കളിയാണ് ബംഗളൂരിനെതിരെ പുറത്തെടുത്തത്. മൂന്നാംമിനിറ്റില്‍ ജീക്സണ്‍ സിങ് നല്‍കിയ ത്രൂബോള്‍ പിടിച്ച് ഡയമന്റാകോസ് തൊടുത്തെങ്കിലും പ്രതിരോധം തടഞ്ഞു. എന്നാല്‍ കളിഗതിക്കെതിരായി 14-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. ഛേത്രിയെ തടയുന്നതിനിടെ ഗില്‍ ഫൗള്‍ ചെയ്തു. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. ബംഗളൂരു മുന്നില്‍. ബ്ലാസ്റ്റേഴ്സ് തളര്‍ന്നില്ല. തിരിച്ചടിക്കാന്‍ ആഞ്ഞുശ്രമിച്ചു. 22-ൃാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ രാഹുല്‍ അടിപായിച്ചത് ലക്ഷ്യം തെറ്റിപ്പോയി. പിന്നാലെ ബോക്സിന് തൊട്ടരികെവച്ച് ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് കിട്ടി. ലൂണയാണ് എടുത്തത്. കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. കിട്ടിയത് രാഹുലിന്. രാഹുല്‍ ബോക്സിന് പുറത്ത് സന്ദീപ് സിങ്ങിലേക്ക് തട്ടി. സന്ദീപിന്റെ ക്രോസ് ഗോള്‍മുഖത്തേക്ക്.

ബംഗളൂരു പ്രതിരോധക്കാര്‍ക്കൊപ്പം ഉയര്‍ന്നുചാടിയ ലൂണയുടെ തലയില്‍തട്ടി പന്ത് മുന്നിലേക്ക്. ലെസ്‌കോവിച്ച് പ്രതിരോധത്തിന് മുന്നില്‍ക്കയറി പന്ത് തട്ടിയിട്ടു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഇടതുപാര്‍ശ്വത്തില്‍ ലൂണയുടെ അതിമനോഹര മുന്നേറ്റം. ബംഗളൂരുവിന് എത്തിപ്പിടിക്കാനായില്ല. ഗോള്‍മുഖത്തേക്ക് കൃത്യതയുള്ള ക്രോസ് പാഞ്ഞു. ഓടിയെത്തിയ ഡയമന്റാകോസ് സന്ധുവിന് ഒരു അവസരും നല്‍കാതെ ഗോളാക്കി. ആ ഗോളില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ കരുത്തരായി.

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം വിട്ടുകൊടുത്തില്ല. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും മികച്ചുനിന്നു. 56ാം മിനിറ്റില്‍ ലൂണയും സഹലും ചേര്‍ന്നുനടത്തിയ നീക്കം ബംഗളൂരു ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 68ാം മിനിറ്റില്‍ കലിയുഷ്നിക്ക് പകരമെത്തിയ അപോസ്തലോസ് ജിയാനുവിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ഡയമന്റാകോസുമായി പന്ത് കൈമാറിവന്ന ജിയാനു ബോക്സിനുള്ളില്‍ പ്രതിരോധത്തെയും സന്ധുവിനെയും മറികടന്ന് അസാധ്യമായ ആംഗളില്‍നിന്ന് പന്ത് വലയില്‍ എത്തിച്ചു.

പിന്നാലെ ഡയമന്റാകോസിന്റെ മറ്റൊരു ഷോട്ട് സന്ധു തടഞ്ഞു. ഇതിനിടെ സെറ്റ് പീസില്‍നിന്ന് ബംഗളൂരു രണ്ടാമത്തെ ഗോള്‍ തിരിച്ചടിച്ചു. ഫ്രീകിക്കില്‍നിന്ന് തട്ടിത്തെറിച്ച പന്ത് ഹാവി ഹെര്‍ണാണ്ടസ് വലയിലേക്ക് കരുത്തുറ്റ ഷോട്ടിലൂടെ തിരിച്ചുവിട്ടു. ബ്ലാസ്റ്റേഴ്സ് അടുത്ത മാറ്റംവരുത്തി. സഹലിന് പകരം ബ്രൈസ് മിറാന്‍ഡയെത്തി. ഡയമന്റാകോസിന് പകരം വിക്ടര്‍ മോംഗിലും വന്നു. 19ന് ചെന്നൈയിന്‍ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here