ജംഷഡ്‌പൂരിനെയും വീഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സ്‌ കുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലാം ജയം

ജംഷഡ്‌പൂർ, ഡിസംബർ 4, 2022: ജംഷഡ്‌പൂർ എഫ്‌സിയെ ഒരു ഗോളിന്‌ കീഴടക്കി ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്‌. എട്ട്‌ കളിയിൽ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാമതെത്തി‌. സീസണിലെ തുടർച്ചയായ നാലാം ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സിന് 15 പോയിന്റാണുള്ളത്. കളിയുടെ 17-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്‌. മാർക്കോ ലെസ്കോവിച്ചാണ് കളിയിലെ താരം.

ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിർത്തിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ ജംഷഡ്‌പൂരിനെതിരെ ഇറങ്ങിയത്‌. പ്രതിരോധത്തിൽ സന്ദീപ് സിങ്, ഹോർമിപാം, മാർകോ ലെസ്‌കോവിച്ച്, നിഷു കുമാർ എന്നിവർ. മധ്യനിരയിൽ സഹലിനൊപ്പം അഡ്രിയാൻ ലൂണ, ഇവാൻ കലിയുഷ്നി, ജീക്സൺ സിങ് എന്നിവർ. മുന്നേറ്റത്തിൽ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോൾവലയ്ക്ക് മുന്നിൽ പ്രഭ്സുഖൻ സിങ് ഗിൽ. ജംഷഡ്‌പുർ പ്രതിരോധത്തിൽ റെന്ത്‌ലെയ്‌, എലി സാബിയ, പീറ്റർ ഹാർട്‌ലി, റിക്കി എന്നിവർ അണിനിരന്നു. മധ്യനിരയിൽ ഫിജംസിങ്‌, ജായ്‌ തോമസ്‌, ബോറിസ്‌ സിങ്‌ എന്നിവർ. ഫാറൂഖ്‌ ചൗധരി, റിത്വിക്‌ ദാസ്‌, ഡാനിയേൽ ചുക്വു എന്നിവരായിരുന്നു മുന്നേറ്റത്തിൽ.

തകർപ്പൻ തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌ ജംഷഡ്‌പുരിനെതിരെ. പതിനേഴാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ അനുകൂലമായി ഫ്രീകിക്ക്‌ കിട്ടി. അഡ്രിയാൻ ലൂണയുടെ മനോഹരമായ കിക്ക്‌ ബോക്‌സിലേക്ക്‌. ജംഷഡ്‌പുർ പ്രതിരോധത്തെ വെട്ടിച്ച്‌ ഡയമന്റാകോസ്‌ അതിൽ കാലുവച്ചു. പിന്നാലെ ലൂണയുടെ മറ്റൊരു മുന്നേറ്റം. മധ്യനിരയിൽനിന്നുള്ള ഓട്ടത്തിനൊടുവിൽ ലൂണ സഹലിന്‌ പന്തുനൽകി. സഹലിന്റെ തകർപ്പൻ ഷോട്ട്‌ ജംഷഡ്‌പൂർ ഗോൾ കീപ്പർ ടി പി രെഹ്‌നേഷ്‌ കൈയിലൊതുക്കി. 37-ാം മിനിറ്റിൽ റിത്വിക്‌ ദാസിന്റെ കരുത്തുറ്റ ഷോട്ട്‌ പ്രഭ്‌സുഖൻ സിങ്‌ ഗിൽ കുത്തിയകറ്റി. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം. ഇക്കുറി സന്ദീപ്‌ സിങ്ങിന്റെ ഷോട്ട്‌ രഹ്‌നേഷ്‌ തട്ടിയകറ്റി. പന്ത്‌ ഡയമന്റാകോസിന്റെ കാലിൽകിട്ടുംമുമ്പ്‌ പ്രതിരോധം ഇടപെട്ടു. ആദ്യപകുതി ഒരു ഗോൾ ലീഡിൽ ബ്ലാസ്‌റ്റേഴ്‌സ്‌ അവസാനിപ്പിച്ചു.

ഇടവേളയ്‌ക്കുശേഷം എൽസാബിയ ബ്ലാസ്‌റ്റേഴ്‌സ്‌ മറ്റൊരു മനോഹര നീക്കത്തിന്‌ തടയിട്ടു. പിന്നാലെ ഇവാൻ കലിയുഷ്‌നിയുടെ നീക്കവും ജംഷഡ്‌പുർ പ്രതിരോധത്തെ വിറപ്പിച്ചു. മറുവശത്ത്‌ മാറ്റങ്ങ വരുത്തി ജംഷഡ്‌പൂർ കളി പിടിക്കാൻ ശ്രമിച്ചു. 64-ാം മിനിറ്റിൽ ലൂണയ്‌ക്ക്‌ കിട്ടി ഫ്രീകിക്ക്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല. ജംഷഡ്‌പുരിന്റെ മുന്നേറ്റക്കാരൻ ചുക്ക്വുവിന്റെ ഷോട്ട്‌ ബാറിന്‌ മുകളിലൂടെ പറന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ജംഷഡ്‌പൂർ സമനിലയ്‌ക്കായി ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം പിടിച്ചുനിന്നു.

76ാം മിനിറ്റിൽ ഡയമന്റാകോസിന്‌ പകരം അപോസ്‌തലോസ്‌ ജിയാന്നുവും നിഷുകുമാറിന്‌ പകരം ജെസെൽ കർണെയ്‌റോയും കളത്തിലെത്തി. 85-ാം മിനിറ്റിൽ സഹലിന്‌ പകരം സൗരവ്‌ മണ്ഡലുമെത്തി. ലൂണയ്‌ക്ക്‌ പകരം വിക്ടർ മോൻഗിലിനെയും ഇറക്കി പ്രതിരോധം വുകോമനോവിച്ച്‌ ശക്തിപ്പെടുത്തി. ജംഷഡ്‌പൂരിന്‌ പ്രതിരോധം ഭേദിക്കാനായില്ല. അഞ്ചാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ്‌ പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കി. ഈ മാസം 11ന്‌ ബെംഗളൂരു എഫ്‌സിയാണ്‌ അടുത്ത എതിരാളികൾ. കൊച്ചിയിലാണ്‌ കളി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here