ലാ ലീഗ് വേൾഡ് പ്രീസീസൺ ടൂർണമെന്റിലെ അവസാന മത്സരത്തിൽ ജിറോനാ എഫ്സിയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ലാലിഗ ക്ലബിനോട് മഞ്ഞപ്പട കീഴടങ്ങിയത്. മെൽബൺ സിറ്റിയെ ആറു ഗോളുകൾക്ക് കണ്ഠം വഴി ഓടിച്ച ജിറോണയോട് അവസാനം വരെ പൊരുതിയാണ് മഞ്ഞപ്പട അടിയറവ് പറഞ്ഞത്. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്.
എറിക് മൊന്റസ്, പെഡ്രോ പോറോ,അലക്സ് ഗ്രാനൽ, ബെനിറ്റസ് കാർബെലോ,ഗാർസിയ എന്നിവരാണ് ജിറോണയ്ക്ക് വേണ്ടി മഞ്ഞപ്പടയുടെ വലകുലുക്കിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി പെകൂസൺ എടുത്ത ഫ്രീ കിക്ക് ഗോളാവുമെന്നു തോന്നിച്ചെങ്കിലും മികച്ച സേവിലൂടെ ജിറോണ ഗോൾകീപ്പർ അതിനെ തടഞ്ഞു.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തല ഉയർത്തിപ്പിടിച്ച് തന്നെയാണ് മഞ്ഞപ്പട മടങ്ങുന്നത്. ജിറോനയുടെ കരുത്തുറ്റ ആക്രമണത്തിനു മുന്നിൽ കൂടുതൽ ഗോളുകൾ വഴങ്ങാതെ പിടിച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധവും പ്രത്യേകിച്ച് അനസ് എടത്തൊടിക, റാകിപ്, സിറിൽ കാലി, ഗോൾകീപ്പർ നവീൻ കുമാറും ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സഹായിച്ചു.