നാല് മലയാളികളുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ തുടങ്ങുന്നു.
പ്രീസീസൺ തയ്യാറെടുപ്പുകൾ ജൂലൈ 30ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒഫീഷ്യലായി അറിയിച്ചു.
പ്രീസീസൺ ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറ് അക്കാദമി താരങ്ങൾക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നൽകാനാണ് ഇവാൻ ഒരുങ്ങുന്നത്. ഇവരിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരായിരിക്കും. റിസർവ് ടീം താരങ്ങളായ സച്ചിൻ സുരേഷ്, ശ്രീകുട്ടൻ വി.എസ്, ഷഹജാസ് തെക്കൻ, ബിജോയ് വി, സുഖാം യോയിഹെൻബ മെയ്തേ, അനിൽ ഗോയങ്കർ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ അണിനിരക്കും.
മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങൾ എന്നിവർ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയിൽ എത്തും. വിദേശത്തായിരിക്കും ക്ലബ്ബിൻ്റെ ബാക്കിയുള്ള സന്നാഹങ്ങൾ. ഫിസിക്കൽ കണ്ടീഷനിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കൽ പരിശോധനകളും ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിലൂടെ പൂർത്തീകരിക്കും.
ഓഗസ്റ്റ് തുടക്കത്തിൽ തന്നെ ഞങ്ങളുടെ താരങ്ങളെ കളിക്കളത്തിൽ കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.