കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ മത്സരങ്ങൾ കളിക്കുന്നു. ഡ്യൂറണ്ട് കപ്പിന് മുന്നോടിയായാണ് 3 പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ മഞ്ഞപ്പട തീരുമാനിക്കുന്നത്. ഡ്യൂറണ്ട് കപ്പിൽ കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് അതിനു മുമ്പ് മാച്ച് ഫിറ്റ്നെസ് നേടാൻ ആണ് ഈ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
ഇത്തവണ മുൻ വർഷങ്ങളിലെ തിരിച്ചടികൾ മനസ്സിലാക്കിയ കേരള ബ്ലാസ്റ്റേഴ്സ് മറ്റ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളെക്കാൾ മുമ്പ് തന്നെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം നിലവിൽ പരിശീലനം നടത്തുന്നത്. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, എനെസ് സിപോവിച്ച് എന്നിവരും ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്.
ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ ആഗസ്റ്റ് 20-ന് ആരംഭിക്കും എന്നതാണ്. അന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. എറണാകുളം പനമ്പിള്ളി നഗറിലെ ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിന് ശേഷം ആഗസ്റ്റ് 27-ന് വീണ്ടും കേരള യുണൈറ്റഡ് എഫ്സിയുമായി ബ്ലാസ്റ്റേഴ്സ് ഏറ്റു മുട്ടും. ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് നേരിടുക ജമ്മു കാശ്മീരിൽ നിന്നുള്ള ക്ലബ്ബായ ജമ്മു കാശ്മീർ എഫ്സിയെയാണ്. സെപ്റ്റംബർ 3-നാണ് ഈ മത്സരം നടക്കുക. ഇത്തവണ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ മത്സരങ്ങൾ കൂടുതൽ ഗുണകരമായി മാറും.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ പ്രീ സീസൺ മത്സരങ്ങളും ക്ലബ്ബിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യും. അതു കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കെല്ലാം മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. മികച്ച മുന്നൊരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ ലക്ഷ്യം വെയ്ക്കുന്നില്ല.