ഐഎസ്എല്ലിൽ വെടിക്കെട്ടായി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫിസിയെ പരാജയപ്പെടുത്തിയത്. ഈ ജയത്തോട് കൂടി ഐഎസ്എൽ പോയന്റ് നിലയിൽ മുന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡിയാസ്, സഹൽ, ലൂണ എന്നിവരാണ് ഗോളടിച്ചത്.
ഗോവയിൽ ചെന്നൈയിൻ എഫ്സിയെ മലയാളികളുടെ മഞ്ഞപ്പട കണ്ടം വഴി ഓടിക്കുന്ന കാഴ്ചയാണ് ഫുട്ബോൾ ആരാധകർ കണ്ടത്. മിന്നല്‍പ്പിണരായി സഹൽ കുതിച്ചു- മാരക ഫോമിൽ ഡിയാസും. ഒടുവിൽ ചെന്നൈയിനെ അടിച്ച് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ. മുംബൈക്കെതിരായ അതേ ടീമിനെ ഇറക്കി അരങ്ങ് തകർക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. പത്താം മിനുട്ടിൽ പ്യൂട്ടിയയുടെ പന്ത് അതിമനോഹരമായി ഡിയാസ് ഗോളാക്കി മാറ്റി. 39ആം മിനുട്ടിൽ മഞ്ഞപ്പട രണ്ടാം ഗോളും നേടി. മലയാളികളുടെ മെസ്യൂട്ട് ഓസിലാണ് മിന്നൽ മുരളിയായി അവതരിച്ചത്.
മഞ്ഞപ്പടയുടെ സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിൻ പ്രതിരോധം തടഞ്ഞു എന്നാൽ റീബൗണ്ടിൽ മിന്നൽ സഹൽ വല കണ്ടെത്തി. പിന്നെ രണ്ടാം പകുതിയിൽ ചെന്നൈയിൻ വധമാണ് ഗോവയിൽ കണ്ടത്. രണ്ടാം പകുതി തുടക്കം മുതൽ അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് ലൂണയിലൂടെ മൂന്നാം ഗോൾ നേടി. 79ആം മിനുട്ടിൽ ഒരു വെടിക്കെട്ട് സ്ട്രൈക്കിലൂടെ വിദേശ താരം ആരാധകരുടെ മനംകവർന്നു.