പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരധകരുടെ കാത്തിരിപ്പിനു അവസാനം. പുതിയ സീസണിലേക്കുള്ള പ്രീ സീസൺ മത്സരത്തിലെ ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള മെൽബൺ സിറ്റിയെ എഫ് സിയെ നേരിടും. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന പ്രീ സീസൺ ടൂർണമെന്റ് എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇന്ന് വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഇന്ത്യൻ പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനസ് – ജിങ്കൻ കൂട്ടുകെട്ട് കേരള ബ്ലാസ്റ്റേഴ്സിനായി മാറ്റുരക്കുന്നതും ആരാധകർക്ക് ഇന്ന് കാണാൻ സാധിക്കും. ഗോൾ പോസ്റ്റിനു കീഴിൽ അണ്ടർ 17 ലോകകപ്പിലെ ഹീറോ ധീരജ് സിങ്ങിനെയാവും ജെയിംസ് ഇന്നിറക്കുക. പുതുതായി ടീമിൽ എത്തിയ 3 വിദേശ താരങ്ങൾ അടക്കം 6 പേരാണ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്.
സി.കെ വിനീതിന്റേയും അബ്ദുൽ ഹക്കുവിന്റെയും പരിക്ക് ആരധകർക്ക് നിരാശ സമ്മാനിച്ചുവെങ്കിലും കേരള ബ്ലസ്റ്റേഴ്സിനു വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു പറ്റം താരങ്ങളുടെ സാന്നിദ്ധ്യം ആരാധകരെ ആവേശഭരിതരാക്കും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറികടക്കാൻ ഒരു പറ്റം മലയാളി താരങ്ങളെയും യുവ താരങ്ങളെയും ഉൾപെടുത്തിക്കൊണ്ടാണ് ഡേവിഡ് ജെയിംസ് ടീം പടുത്തുയർത്തുന്നത്.
ഇന്നത്തെ മത്സരം സ്റ്റാർ സ്പോർട്സിലും മലയാളത്തിൽ ഫ്ലവേഴ്സ് ചാനലിലും ലൈവ് കാണാവുന്നതാണ്.