കേരള ബ്ലാസ്റ്റേഴ്‌സ് പിറവി കൊണ്ടിട്ടു വർഷം അഞ്ചു മാത്രമേ ആയിട്ടുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തിൽ ഏഷ്യൻ ടീമുകൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന ടീമുകളിൽ അഞ്ചാം സ്ഥാനത്ത് എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.
പട്ടികയിൽ ഇടം പിടിച്ച ടീമുകൾക്ക് 50 മുതൽ 90 വർഷം വരെ പാരമ്പര്യമുള്ളപ്പോൾ നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സ് പിറവി കൊണ്ടിട്ടു വെറും 5 വർഷം മാത്രമേ ആയിട്ടുള്ളു എന്നതും ചരിത്ര നേട്ടത്തിന് തിളക്കം കൂട്ടുന്നു. ഫോക്സ് ഏഷ്യ പുറത്തു വിട്ട കണക്കു പ്രകാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാമത് എത്തിയത്. ലിസ്റ്റിൽ കിരീടം നേടാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. കപ്പ് കണ്ടല്ല മലയാളികൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരായത് എന്നത് ഇവിടെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട്.
36 ലക്ഷം ഫോളോവെർസ് ആണ് സോഷ്യൽ മീഡിയയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ എന്നി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ നോക്കിയാണ് ഫോക്സ് ഏഷ്യ ടീമുകളെ തിരഞ്ഞെടുത്തത്.
ഇൻഡോനേഷ്യൻ ക്ലബായ പെഴ്സിബ് ബന്ദുങ് ആണ് ഒന്നാം സ്ഥാനത്ത്. സൗദി ക്ലബുകളായ അൽ ഹിലാലും അൽ ഇത്തിഹാദുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്ത് ഉള്ളത് മറ്റൊരു ഇന്തോനേഷ്യൻ ക്ലബായ പെർസിജ ജാകർത്തയാണ്.