ആദ്യ പകുതിയിൽ തകർന്നൊടിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ് കണ്ട മത്സരത്തിൽ ജാംഷഡ്‌പൂർ എഫ്.സിയെ സമനിലയിൽ തളച്ച് കൊമ്പന്മാർ. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷം രണ്ടാം പകുതിയിൽ കാഴ്ചവെച്ച വിരോചിത തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലപ്പെട്ട സമനില സമ്മാനിച്ചത്.
ആദ്യ പകുതിയിൽ ടിം കാഹിലിന്റെയും സൂസൈരാജിന്റെയും ഗോളിൽ പിറകിലായിപ്പോയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ പരിശീലകൻ ഡേവിഡ് ജെയിംസ് വരുത്തിയ സബ്സ്റ്റിട്യൂട്ടിൽ തിരിച്ചു വരുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി സഹൽ ഇറങ്ങിയതോടെ മത്സരം കേരളത്തിന്റെ വരുതിയിലാവുകയായിരുന്നു.
ഒരു വേള കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സ്ലാവിസ സ്‌റ്റോഹനോവിച്ച് നഷ്ട്ടപെടുത്തിയെങ്കിലും അധികം വൈകാതെ താരം തന്നെ കേരളത്തിന്റെ തിരിച്ചുവരവിന് തുടക്കമിട്ടു. പകരക്കാരനായി ഇറങ്ങിയ സെയ്മിൻലെൻ ഡൗങ്ങലിന്റെ പാസിൽ നിന്നാണ് സ്‌റ്റോഹനോവിച്ച് ആദ്യ ഗോൾ നേടിയത്.
അധികം വൈകാതെ സി.കെ വിനീതിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമനില പിടിച്ചെടുത്തു. ഇത്തവണയും സെയ്മിൻലെൻ ഡൗങ്ങലിന്റെ പാസിൽ നിന്ന് തന്നെയാണ് വിനീത് ഗോൾ നേടിയത്. ഈ മത്സരവും സമനിലയിലായതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിന് കോട്ടം തട്ടിയില്ല.