ആദ്യ മത്സരത്തിൽ എ.ടി.കെയെ അവരുടെ നാട്ടിൽ തോൽപ്പിച്ച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനും ഡേവിഡ് ജെയിംസിനും പിഴച്ചത് എവിടെ?. ഇത്രയും മത്സരങ്ങൾ കളിച്ചിട്ടും ഒരു വിന്നിങ് ഇലവനെ സൃഷ്ടിച്ചെടുക്കാൻ ഡേവിഡ് ജെയിംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ടീമിൽ പലപ്പോഴും ആവശ്യമില്ലാതെ വരുത്തുന്ന മാറ്റങ്ങൾ ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കുന്നതായും കണ്ടു. ആദ്യ മൂന്ന് മത്സരങ്ങളിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സ് തുടർന്ന് അങ്ങോട്ട് സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.
ജാംഷഡ്‌പൂരിനെതിരെയുള്ള നാലാമത്തെ മത്സരത്തിൽ അതുവരെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സഹലിനെയും ഡൗങ്ങലിനേയും പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റിയ ഡേവിഡ് ജയിംസിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ആ മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിലായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ സഹലും ഡൗങ്ങലും വന്നതോടെയാണ് മത്സരത്തിൽ സമനില പിടിച്ചത്.
തുടർന്ന് നടന്ന പൂനെക്കെതിരെയുള്ള മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുക്കാൻ കഷ്ട്ടപെടുന്നതാണ് കണ്ടത്. പോയിന്റ് പട്ടികയിൽ ഏറ്റവും പുറകിൽ നിൽക്കുന്ന പൂനെക്കെതിരെ പോലും ജയിക്കാനാവാതെ പോയ കേരളത്തിന് ബെംഗളൂരുവിനെതിരെയും ഗോവക്കെതിരെയും ജയിക്കാനുള്ള മാജിക് ഒന്നും ഉണ്ടായിരുന്നില്ല.
പ്രതിരോധത്തിലാണ് കേരളത്തിന്റെ പ്രധാന പ്രശ്നമെന്ന് പറഞ്ഞ്അനസിന് വേണ്ടി ആരാധകർ മുറവിളി കൂടിയെങ്കിലും ഗോൾ നേടാൻ കഷ്ട്ടപ്പെടുന്ന മുന്നേറ്റ നിരയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്‌നം. കേരളത്തേക്കാൾ 13 ഷോട്ട് കുറച്ച് പോസ്റ്റിലേക്ക് പായിച്ച നോർത്ത് ഈസ്റ്റ് 10 ഗോളുകൾ നേടിയപ്പോൾ 34 ഷോട്ടുകൾ പായിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത് വെറും 9 ഗോളുകൾ ആണെന്ന് ഓർക്കണം. ജംഷഡ്‌പൂർ ആവട്ടെ 34 ഷോട്ടുകളിൽ നിന്ന് നേടിയത് 14 ഗോളുകളാണ്.
ടീമിലെ മികച്ച ടീമുകളിൽ ഒന്നായ ബെംഗളൂരു വെറും 20 ഷോട്ടിൽ നിന്നാണ് 10 ഗോളുകൾ നേടിയത്. 42 ഷോട്ടുകളിൽ നിന്ന് 21 ഗോൾ നേടിയ ഗോവയെയും കാണുമ്പോൾ കേരളത്തിന്റെ യഥാർത്ഥ പ്രശ്നം ആക്രമണം ആണെന്ന് ഞമ്മൾ മനസ്സിലാക്കണം.
കേരള ബ്ലാസ്റ്റേഴ്സ് ആക്രമണ നിരയിൽ സ്ലാവിസ സ്‌റ്റോഹനോവിച്ച് 3 ഗോളും, സി.കെ വിനീത് രണ്ടു ഗോളും മറ്റേ പോപ്പ്ലാറ്റിനിക്ക് ഒരു ഗോളുമാണ് ഇതുവരെ ഇതുവരെ നേടിയത്. ഇവർക്കൊന്നും ഒറ്റക്ക് മത്സരം മാറ്റിമറിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലീഗിൽ കിരീടം നേടാൻ കെൽപുള്ള ഒരു ടീം വേണമെങ്കിൽ അർദ്ധ അവസരങ്ങൾ മുതലാക്കുന്ന താരങ്ങൾ വേണമെന്നത് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
എത്ര തോൽവിയേറ്റു വാങ്ങിയാലും ഒരു കൂട്ടം ആരാധകർ എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ തന്നെ കാണും. പക്ഷെ അവരുടെ വികാരങ്ങളെ മാനിക്കാൻ ഇനിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാകണം. എല്ലാ മത്സരങ്ങളും ഒരു ടീമിന് ജയിക്കാനാവില്ല. അല്ലെങ്കിൽ ആരാധകർ പറയുന്ന ഒരു ടീമിനെ ഇറക്കാൻ പരിശീലകനും കഴിയില്ല. പക്ഷെ 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ എടുത്തു പറയാൻ ഒരു ജയം മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബിന്റെ ഭാവിയോർത്ത് ഒരു പറ്റം ആരാധകർക്ക് നെഞ്ചു പിടയുന്നുണ്ട്. അതിനു ഉത്തരം നൽകേണ്ടത് കളിക്കാരും പരിശീലകരും മാനേജ്മെന്റുമാണ്.