കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളോട് പ്രതിഫലം വെട്ടി കുറക്കാൻ ആവശ്യപ്പെട്ടു. മഞ്ഞപ്പടയിലെ മൂന്ന് വിദേശതാരങ്ങളോടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ക്യാപ്റ്റൻ ബർതലമോവ് ഒഗ്ബെചെ, സെർജിയോ സിഡോഞ്ച പിന്നാലെ പുതിയതായി എത്തിയ സ്പാനിയാർഡ് തിരി എന്നിവരോടാണ് ബ്ലസ്റ്റേഴ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിയുമായുള്ള പ്രശ്നങ്ങളും മറ്റ് വിദേശ താരവുമായുള്ള മാനേജ്മെന്റിന്റെ ഉരസലുകളും ഇതിന്റെ ഭാഗമായിട്ടാണ്.
ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക നില മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഫലം കുറയ്ക്കാൻ ക്ലബ് ആവശ്യപ്പെട്ടത്. പ്രതിഫലം 30 മുതൽ 40% വരെ കുറയ്ക്കാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ എതിർത്ത തിരി തന്റെ കരാറിൽ പറയുന്ന ശമ്പളം നൽകിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്സ് വിടും എന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റ് വിദേശ താരങ്ങളായ ഒഗ്ബെചെയും സിഡോഞ്ചയും ഇതുവരെ ശമ്പളം കുറയ്ക്കാൻ സമ്മതിച്ചിട്ടുമില്ല. പുതിയ സ്പോർട്ടിംഗ് ഡയറക്ടർ സ്കിങ്കിസ് മുൻ കൈയെടുത്ത് നടത്തുന്ന ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല.