കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി – 0
മുംബൈ സിറ്റി എഫ്‌സി – 2
കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റിയോട് രണ്ട് ഗോളിന് കീഴടങ്ങി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെഹ്താബ് സിങ്, പെരേര ഡയസ് എന്നിവര്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായി ഗോളടിച്ചു. നാല് കളിയില്‍ ഒരു ജയവും മൂന്ന് തോല്‍വിയും സഹിതം മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
നവംബര്‍ അഞ്ചിന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
ഒഡിഷയ്ക്കെതിരെ കളിച്ച ടീമില്‍നിന്നും വലിയ മാറ്റങ്ങളുമായാണ് ഇവാന്‍ വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സ് എത്തിയത്. ഇവാന്‍ കലിയുഷ്നി, ഹോര്‍മിപാം എന്നിവര്‍ പുറത്തിരുന്നു. പ്രതിരോധത്തില്‍ ഹോര്‍മിപാമിന് പകരം സ്പാനിഷുകാരന്‍ വിക്ടര്‍ മൊംഗില്‍ എത്തി. ഒപ്പം മാര്‍കോ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്റാേ, ഹര്‍മന്‍ജോത് ഖബ്ര എന്നിവരും. കലിയുഷ്നിയുടെ സ്ഥാനം മലയാളിതാരം കെ പി രാഹുലിനായിരുന്നു. രാഹുല്‍, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ്, പുയ്ട്ടിയ എന്നിവര്‍ മധ്യനിരയില്‍. ഗോളടിക്കാന്‍ സഹല്‍ അബ്ദുള്‍ സമദും ദിമിത്രിയാസ് ഡയമന്റാകോസും. ഗോള്‍കീപ്പറായി പ്രഭ്സുഖന്‍ ഗില്‍ തുടര്‍ന്നു. ഫുര്‍ഭ ലാചെന്‍പയാണ് മുംബൈയുടെ ഗോള്‍വലയ്ക്ക് കാവലായത്. രാഹുല്‍ ബെക്കെ, റോസ്റ്റിന്‍ ഗ്രിഫ്ത്സ്, മെഹ്താബ് സിങ്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവര്‍ പ്രതിരോധിക്കാന്‍. മധ്യനിരയില്‍ അഹമ്മദ് ജാഹു, ലാലെങ്മാവിയ റാള്‍ട്ടെ, ബിപിന്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഗ്രെഗ് സ്റ്റിയുവര്‍ട്ട്, ജോര്‍ജ് ഡയസ്, ലാലിയന്‍സുവാല ചാങ്തെ എന്നിവരും അണിനിരന്നു.
കളിയുടെ തുടക്കം തന്നെ ബ്ലാസ്റ്റേഴ്സ് മുംബൈ പോസ്റ്റിലേക്ക് ആക്രമണം നടത്തി. രണ്ടാംമിനിറ്റില്‍ പ്രഭ്സുഖന്റെ ഗോള്‍കിക്ക് പ്രതിരോധിച്ച രാഹുല്‍ ബെക്കെയ്ക്ക് പിഴച്ചു. പന്ത് പിടിച്ചെടുത്ത് ഡയമന്റാകോസിന്റെ മുന്നേറ്റം പക്ഷേ ഫലംകണ്ടില്ല. ആറാം മിനിറ്റില്‍ വലതുമൂലയില്‍നിന്നും മുംബൈ താരം ചാങ്തെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും പ്രഭ്സുഖന്റെ കൈയിലായി. തൊട്ടുപിന്നാലെയുള്ള പ്രത്യാക്രമണത്തില്‍ രാഹുലിന്റെ ക്രോസ് സ്വീകരിക്കാന്‍ ആരുമുണ്ടായില്ല. 17ാം മിനിറ്റില്‍ രാഹുലിന്റെ ഒറ്റയാന്‍ കുതിപ്പിന് മുംബൈ പ്രതിരോധം തടയിട്ടു. 21ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി. കോര്‍ണറില്‍നിന്നായിരുന്നു തുടക്കം. ഇടതുപാര്‍ശ്വത്തില്‍നിന്നും ജാഹു എടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാര്‍ തടഞ്ഞു. പന്തെത്തിയത് മെഹ്താബ് സിങ്ങിന് മുന്നില്‍. ഒറ്റയടി ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ ഒപ്പമെത്താനുള്ള അവസരം ബ്ലാസ്റ്റേഴ്സിനുണ്ടായി. ലൂണ നീട്ടിനല്‍കിയ പന്ത് ഡയമന്റാകോസിന് എത്തിപിടിക്കാനായില്ല. മുംബൈ ഗോളി ലാചെന്‍പ പിടിച്ചെടുത്തു. 30ാം മിനിറ്റില്‍ ചാങ്തെയുടെ ഗോള്‍ശ്രമം ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു.
31ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോള്‍ നേടി. ബിപിന്‍ സിങ്ങ് സ്റ്റ്യുവര്‍ട്ടിന് പന്ത് നല്‍കി. മുന്നേറ്റക്കാരന്‍ ബോക്സിലുള്ള ജോര്‍ജ് ഡയസിന് സമ്മാനിച്ചു. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ലക്ഷ്യം കണ്ടു. മുപ്പത്തിമൂന്നാം മിനിറ്റില്‍ രാഹുലും സഹലും ചേര്‍ന്ന് നടത്തിയ നീക്കം ഗോളിനരികെ എത്തി. 35ാം മിനിറ്റില്‍ പുയ്ട്ടിയയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീ കിക്ക് ലൂണ തൊടുത്തു. ഗോളെന്നുറപ്പിച്ച് കിക്ക് മുംബൈ ഗോളി ലാചെന്‍പ തട്ടിയകറ്റി. രണ്ട് ഗോളിന് പിന്നിലായെങ്കിലും മുംബൈ പ്രതിരോധത്തിലേക്ക് ബ്ലാസ്റ്റേഴ്സ് ഇരച്ചുകയറി. ഇടവേളക്കുമുമ്പേ ഡയമന്റാകോസ് നീട്ടിയ പന്ത് രാഹുല്‍ തൊടുത്തെങ്കിലും മുംബൈ ഗോളി തടസ്സമായി.
രണ്ടാംപകുതിയില്‍ മുംബൈ ആക്രമണത്തെ ബ്ലാസ്റ്റേഴ്സ് ചെറുത്തു. 47ാം മിനിറ്റില്‍ സ്റ്റ്യുവര്‍ട്ടിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ രക്ഷപ്പെടുത്തി. പിന്നീട് കണ്ടത് ബ്ലാസ്റ്റേഴ്സിന്റെ നിരന്തരമായ മുന്നേറ്റമായിരുന്നു. 52ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍നിന്നും ഡയമന്റാകോസ് ഹെഡ്ഡര്‍ തൊടുത്തെങ്കിലും പോസ്റ്റിന് അരികിലൂടെ കടന്നു. പിന്നാലെ സഹലിന്റെ ഷോട്ടും ഉന്നംതെറ്റി. 57ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. ഡയമന്റാകോസിന്റെ ഷോട്ട് വീണ്ടും മുംബൈ ഗോളി നിഷ്പ്രഭമാക്കി. വൈകാതെ കിട്ടിയ കോര്‍ണറില്‍ ജീക്സണ്‍ സിങ് തലവച്ചെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല. ഉടതുവശം ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സ് കുതിപ്പിന് ഇന്ധനമായത്.
എഴുപതാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ബ്ലാസ്റ്റേഴ്സ്. സഹലിന് പകരം ഹോര്‍മിപാമും വിക്ടര്‍ മൊംഗിലിന് പകരം കലിയുഷ്നിയും എത്തി. 72ാം മിനിറ്റില്‍ നിര്‍ഭാഗ്യം രണ്ടുതവണ ബ്ലാസ്റ്റേഴ്സിനെ വേട്ടയാടി. കര്‍ണെയ്റോ നല്‍കിയ പാസില്‍നിന്നും ലൂണയുടെ ശക്തമായ ഇടംകാലനടി പോസ്റ്റിന് തട്ടി മടങ്ങി. പിന്നാലെ രാഹുലിന്റെ മുന്നേറ്റവും പിഴച്ചു. 81ാം മിനിറ്റില്‍ പുയ്ട്ടിയക്ക് പകരം ബിദ്യാസാഗര്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തില്‍ എത്തി. നിശ്ചിതസമയത്തും മുംബൈ വല കാണന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പരിക്കുസമയം ലൂണയുടെ ക്ലോസ് റേഞ്ച് മുംബൈ ബാറിനെ തൊട്ടുരുമി പറന്നു. കളിയവസാനം രാഹുലിന് പകരം ബ്രൈസ് മിറാന്‍ഡയും ലൂണയ്ക്ക് പകരം സൗരവ് മണ്ഡാലും കളത്തിലെത്തി.