ആരാധകർക്ക് ആവേശമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി പുത്തൻ പ്ലാറ്റ്ഫോമുമായാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. ‘കെബിഎഫ്സി ട്രൈബ്സ്’ എന്നപേരിൽ ആരാധകർക്കായി പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. ആരാധകർക്ക് ക്ലബുമായി മികച്ച രീതിയിൽ ഇടപഴകുന്നതിനായി തയ്യാറാക്കിയ പുതിയ ടൂവേ സംവിധാനത്തിലൂടെ ആരാധകർക്ക് കെബിഎഫ്സിയുടെ എല്ലാ വാർത്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും പ്രവേശനം നേടാം.
ആരാധകർക്ക് കളിക്കാർക്കായി ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് അയക്കുന്നതിനും, ഫോട്ടോഗ്രാഫുകൾ അപ്ലോഡുചെയ്യുവാനും, കെബിഎഫ്സി സോഷ്യൽ മീഡിയ ഫീഡ് ഒറ്റനോട്ടത്തിൽ കാണുവാനും പങ്കാളിത്ത ഔട്ട്ലെറ്റുകളിൽ കിഴിവുകൾ നേടാനും മാച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, ക്ലബ്ബുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുവാനും മറ്റും ഈ പ്ലാറ്റ്ഫോമിലൂടെ ആരാധകർക്ക് സാധിക്കുന്നു.
മറ്റേതൊരു പ്ലാറ്റ്ഫോമിൽ നിന്നും വ്യത്യസ്തമായി ഓരോ പ്രവർത്തനത്തിനും ‘കെബിഎഫ്സി ട്രൈബ്സ്’ ആരാധകർക്ക് ‘ബ്ലാസ്റ്റർ കോയിൻസ്’ നൽകുന്നു. ഇങ്ങനെ നേടുന്ന ബ്ലാസ്റ്റേഴ്സ് കോയിനുകൾ ഇതേ പ്ലാറ്റ്ഫോമിൽ കളിക്കാരുമായി മീറ്റ് ആൻഡ് ഗ്രീറ്റ്, മറ്റ് മത്സര പരിപാടികൾ എന്നിവക്കായും അല്ലെങ്കിൽ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന മറ്റ് ഓഫ്ലൈൻ പങ്കാളിത്ത ഔട്ട്ലെറ്റുകളിലോ റെഡീം ചെയ്യാം.
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും വളരെ വികാരാധീനരും, മികച്ച പിന്തുണ നൽകുന്നതുമായ ഒരു ആരാധക സമൂഹം ഉണ്ടായിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒന്നിലധികം ഇടപഴകൽ പ്രവർത്തനങ്ങളിലൂടെ ക്ലബ്ബും ഞങ്ങളുടെ ആരാധകരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ഒരു ശ്രമമാണ് കെബിഎഫ്സി ട്രൈബ്സ്, ഒപ്പം ക്ലബിനോടുള്ള അവരുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും ഒരു പ്രതിഫലം നൽകുക കൂടി ഇതിലൂടെ സാധ്യമാകുമെന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നു. ആരാധകർ കാത്തിരുന്ന ഒരു പ്രഖ്യാപനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.
https://keralablastersfc.in/ എന്ന വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകർക്ക് പ്ലാറ്റ്ഫോമിൽ സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ എൻഗേജ്മെന്റ് പങ്കാളിയായ ഫാവ്സി വികസിപ്പിച്ചെടുത്ത പൂർണ്ണമായും വെബ്അധിഷ്ഠിത പ്ലാറ്റ്ഫോമായ കെബിഎഫ്സി ട്രൈബ്സിൽ പങ്കാളിയാകുന്നതിന് ഒരു ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.