കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗുരുതര ആരോപണങ്ങൾ. താരങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പളം നൽകിയില്ല എന്ന കനത്ത ആരോപണമാണ് ദ് ബ്രിഡ്ജ്. ഇൻ എന്ന ന്യൂസ് പോർട്ടലിലൂടെ പുറത്ത് വന്നത്. ബെംഗളൂരു ആസ്ഥാനമായ ബ്രിഡ്ജ് പുറത്ത് വിട്ടതനുസരിച്ച് ചില താരങ്ങൾക്കും സ്റ്റാഫുകൾക്കും കേരള ബ്ലാസ്റ്റേഴ്സ് മിഴുവൻ ശമ്പളവും നൽകിയിട്ടില്ല. ടീമിലെ സുപ്രധാന താരങ്ങൾക്ക് മാത്രമാണ് പൂർണമായ ശമ്പളം ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 23 നു ഒഡീഷക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. പ്ലേ ഓഫ് കാണാതെ ഏഴാമതായി ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ആയി കരോളിസ് സ്കിങ്കിസ് വരികയും ചെയ്തു. വൈകാതെ ഡച്ച് പരിശീലകൻ എൽകോ ഷറ്റോരി പുറത്താവുകയും ഐ ലീഗിൽ ബഗാനെ കിരീടത്തിലേക്ക് നയിച്ച കിബു വികൂന കോച്ചായി ചുമതലയേറ്റെടുക്കുകയും ചെയ്തു. അടുത്ത സീസണിനായി ടീമിനെ ഒരുക്കുന്നതിന് വേണ്ടി പല താരങ്ങളുമായും ക്ലബ്ബ് ചർച്ചകൾ നടത്തുകയാണ്.
അതിനിടയിലാണ് കഴിഞ്ഞ സീസണിലെ ശമ്പളം മുഴുവനും തന്നെ താരങ്ങൾക്ക് ലഭിച്ചില്ലെന്ന ആരോപണം ചില താരങ്ങളും സ്റ്റാഫും പറഞ്ഞതായി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം ആരോപണം ഐഎസ്എല്ലിൽ ആദ്യമായിട്ടല്ല. ഹൈദരാബാദ് എഫ്സി – മുൻ കോച്ച് ഫിൽ ബ്രൗൺ ശമ്പള വിവാദം എഐഎഫെഫിന് മുൻപിൽ എത്തിയിരുന്നു. മാനേജ്മെന്റിൽ നിന്നും ശമ്പളം പൂർണമായും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും സ്റ്റാഫുമെന്നും ബ്രിഡ്ജിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.