കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൾ സമദ് ഐഎസ്എൽ ആദ്യ മത്സരത്തിൽ ബെഞ്ചിലായിരുന്നു. ഒട്ടേറെ ബ്ലാസ്റ്റേഴ്സ് ആരാധകരെ വണ്ടറടിപ്പിച്ചിരുന്നു എൽകോ ഷറ്റോരിയുടെ ആദ്യ ഇലവൻ. വെടിക്കെട്ട് ഫോമിലുള്ള സഹലിനെ ആദ്യ ഇലവനിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാഹുലിനോടൊപ്പം ബെഞ്ചിലായിരുന്നു സഹലിനും സ്ഥാനം. പ്രശാന്ത് മാത്രമായിരുന്നു ആദ്യ ഇലവനിൽ ഇടം പിടിച്ച മലയാളി താരം. ഗോൾ കീപ്പർ രെഹ്നേഷ് പരിക്കേറ്റ് പുറത്തായിരുന്നു.
സഹൽ മികച്ച താരം തന്നെയാണെന്നും എന്നാൽ സഹൽ പ്രീസീസണിൽ നാല് ആഴ്ചയോളം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നില്ല എന്നും അതാണ് ആദ്യ ഇലവനിൽ ഇല്ലാതിരിക്കാൻ കാരണം എന്നും മത്സര ശേഷം ഡച്ച് പരിശീലകൻ എൽകോ ഷറ്റോരി പറഞ്ഞു. ഇന്ത്യൻ ടീമിലായതിനാൽ പ്രീ സീസണിൽ സഹൽ ഉണ്ടായിരുന്നില്ല. ഷറ്റോരിയുടെ ടീമുമായും ഗെയിം പ്ലാനുമായും സെറ്റാവാനുള്ള സമയം സഹലിന് നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സഹലിന് പകരം ജിക്സണാണ് കളിക്കളത്തിൽ ഇറങ്ങിയത്. പരിശീലനത്തിലേയും പ്രീ സീസണിലേയും യുവതാരഥിന്റെ ഡെഡിക്കേഷനാണ് ടീമിൽ ഇടം നൽകിയതെന്ന് ഷറ്റോരി കൂട്ടിച്ചേർത്തു.