കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പോപ്ലേട്ടൻ പുറത്തേക്കോ?. ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത് ഈ തീരുമാനത്തിനായാണ്. അടുത്ത സീസണിനായി ടീമിനെ പുതുക്കി പണിയുകയാണ് എൽകോ ഷറ്റോറിയും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും. സ്പാനിഷ് മിഡ്ഫീൽഡർ മരിയോ ആർകസിനെയും ഒഗ്ബെചെയും, സിഡോഞ്ചയും സുവർലിയൂണും എത്തിക്കഴിഞ്ഞു. ഇവരൊക്കെ വരുന്നതിനൊപ്പം ടീമിൽ ആവറേജ് പ്രകടനങ്ങൾ നടത്തിയവരെ പുറത്താക്കാനും കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ സീസണിൽ വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിനെ ഒഴിവാക്കാനാണ് ക്ലബിന്റെ തീരുമാനം. കഴിഞ്ഞ സീസണിൽ വെറും നാലു ഗോളുകൾ മാത്രമേ പൊപ്ലാനികിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. സ്ലൊവേനിയൻ ലീഗിൽ ഗോളടിച്ച് കൂടിയ പൊപ്ലാനികിന് ഇന്ത്യൻ സൂപ്പർ ലീഗിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 26കാരനായ പൊപ്ലാനിക് സ്ലൊവേനിയ ക്ലബായ ട്രിഗ്ലാവിനു വേണ്ടി രണ്ട് സീസണുകളിലായി 40ൽ അധികം ഗോളുകൾ നേടിയിരുന്നു. താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുള്ള മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്.