ഒഡീഷ എഫ്‌സി – 2 x കേരള ബ്ലാസ്‌റ്റേഴ്‌സ് – 1
ഭുവനേശ്വർ: ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി. ഒഡീഷ എഫ്‌സിയോട് 1-2നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ലീഡ് നേടിയശേഷമായിരുന്നു ഒഡിഷയ്ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. ഹർമൻജോത് ഖബ്രയുടെ തകർപ്പൻ ഹെഡറിൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങുകയായിരുന്നു. ജെറിയും പെഡ്രോ മാർട്ടിനും ഒഡീഷയ്‌ക്കായി ഗോളടിച്ചു. മൂന്ന് കളിയിൽ മൂന്ന് പോയിന്റുമായി ഒമ്പതാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.
എടികെ മോഹൻ ബഗാനെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമന്റാകോസും ഇവാൻ കലിയുഷിനിയും. സഹൽ അബ്‌ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ്, പുയ്‌ട്ടിയ എന്നിവർ മധ്യനിരയിൽ. പ്രതിരോധത്തിൽ ജെസെൽ കർണെയ്‌റോ, ഹോർമിപാം, മാർകോ ലെസ്‌കോവിച്ച്, ഹർമൻജോത് ഖബ്ര എന്നിവർ. ഗോൾവലയ്‌ക്ക് മുന്നിൽ പ്രഭ്‌സുഖൻ സിങ് ഗിൽ. ഒഡിഷയുടെ മുന്നേറ്റത്തിൽ നന്ദകുമാർ ശേഖർ, ദ്യേഗോ മൗറീസിയോ, ജെറി മാവിമിൻങ്‌തംഗ, മധ്യനിരയിൽ സോൾ ക്രെസ്‌പോ, തോയ്‌ബ സിങ്, ഒസാമ മാലിക്, ഐസക് എന്നിവർ. പ്രതിരോധത്തിൽ സഹിൽ പൻവാർ, ശുഭം സാരംഗി, കാർലോസ് ഡെൽഗാഡോ, ഗോൾ കീപ്പർ അമരീന്ദർ സിങ്.
കളിയുടെ രണ്ടാം മിനിറ്റിൽതന്നെ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ ഗോൾമുഖം ആക്രമിച്ചു. ലൂണയുടെ ക്രോസ് ഒഡീഷ പ്രതിരോധം ആയാസപ്പെട്ട് ഒഴിവാക്കി. ഏഴാം മിനിറ്റിൽ ഒഡീഷ ബ്ലാസ്‌റ്റേഴ്‌സ് വലകുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. ഗില്ലിനെ ജെറി ഫൗൾ ചെയ്‌തതിനാലാണ് റഫറി ഗോൾ അനുവദിക്കാതിരുന്നത്. ഒഡീഷ മുന്നേറ്റത്തിൽ ദ്യേഗോ മൗറീസിയോ ആയിരുന്നു അപകടകാരി. മറുവശത്ത് കലിയുഷ്‌നിയുടെ ഷോട്ട് അമരീന്ദറിന്റെ കൈകളിലൊതുങ്ങി. നിരന്തരം നടത്തിയ നീക്കങ്ങൾക്കൊടുവിൽ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ വല തകർത്തു. 35–-ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന ഗോൾ. ഖബ്രയുടെ ഒന്നാന്തരം ഹെഡർ അമരീന്ദറിനെ കാഴ്‌ചക്കാരനാക്കി. ഇടതുവശത്ത് ലൂണയായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്. മിന്നുന്ന ക്രോസ് വലതുപാർശ്വത്തിലേക്ക്. പ്രതിരോധത്തെമുമ്പെ ഖബ്രയുടെ മിന്നൽക്കുതിപ്പ്. പറന്നെത്തി തകർപ്പനൊരു ഹെഡർ. മറുവശത്ത് സോൾ ക്രെസ്‌പോ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധംവിട്ടില്ല.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഒഡീഷ കടുത്ത ആക്രമണം നടത്തി. മൗറീസിയോയുടെ കനത്ത ഷോട്ട് ഗിൽ സാഹസികമായി തടഞ്ഞു. തെറിച്ചുവീണ പന്ത് വീണ്ടും തട്ടിയകറ്റി. 53–-ാം മിനിറ്റിൽ ഒഡീഷ തിരിച്ചടിച്ചു. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചലിനൊടുവിൽ ജെറി ഒഡീഷയെ ഒപ്പമെത്തിച്ചു. കാർലോസ് ഡെൽഗാഡോയുടെ അടി ഗിൽ തട്ടിയിട്ടെങ്കിലും ഓടിയെത്തിയ ജെറി അതിനെ വലയിലെത്തിച്ചു.
58–-ാം മിനിറ്റിൽ കലിയുഷ്‌നിയുടെ ഷോട്ട് അമരീന്ദർ തടഞ്ഞു. 60–-ാം മിനിറ്റിൽ സഹലിന് പകരം കെ പി രാഹുലും 64–-ാം മിനിറ്റിൽ കലിയുഷ്‌നിക്ക് പകരം വിക്ടർ മോൺഗിലും കളത്തിലെത്തി. റുയ്‌വാ ഹോർമിപാമിന് പകരം നിഹാൽ സുധീഷുമെത്തി. 67–-ാം മിനിറ്റിൽ ഡയമന്റാകോസിന്റെ ഹെഡർ നേരെ അമരീന്ദറിന്റെ കൈകളിലായി. തുടർന്നുള്ള ഒഡീഷ മുന്നേറ്റത്തെ ഗിൽ ഒരിക്കൽക്കൂടി തടഞ്ഞു.
അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ആക്രമണക്കളിയാണ് പുറത്തെടുത്തത്. ഡയമന്റാകോസ് ഒഡീഷ ഗോൾമുഖത്ത് മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. ബ്ലാസ്‌റ്റേഴ്‌സ് കളിയിൽ നാലാം മാറ്റം വരുത്തി. ഖബ്രയ്‌ക്ക് പകരം നിഷുകുമാർ വന്നു. ഇതിനിടെയാണ് കളി ഗതിക്കെതിരായി ബ്ലാസ്‌റ്റേഴ്‌സ് ഗോൾ വഴങ്ങിയത്. പകരക്കാരനായെത്തിയ പെഡ്രോ മാർട്ടിൻ ലോങ് റേഞ്ച് ഷോട്ടിലൂടെ ഗില്ലിനെ കീഴടക്കി. പ്രതിരോധത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരിച്ചടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിക്കാനായില്ല.
28ന് മുംബൈ സിറ്റി എഫ്‌സിയുമായി ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.