മിസോറം സ്വദേശിയും എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി താരവുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ. വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും.22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗല്ഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്ലഹേം വെങ്ത്ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്. ഐ ലീഗില്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു. സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്ഫോടനാല്മകമായ വേഗതയും കാരണം പ്യൂട്ടിയ ടീമിനൊരു മുതല്‍ക്കൂട്ടാകും. മിഡ്ഫീൽഡിൽ വിശ്വസിച്ച് ചുമതല ഏൽപ്പിക്കാൻ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
“ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമിൽ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമിൽ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വർക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാൽ, ഐഎസ്എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെയുള്ളത്! എന്റെ പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ തുടങ്ങുന്നതിനും വിജയം നേടാനും എനിക്ക് ഇനി കാത്തിരിക്കാനാവില്ല. ഇന്നി എന്നും യെല്ലോ, ഇന്നി എന്നും ബ്ലാസ്റ്റേഴ്സ്! ” ആവേശഭരിതനായി കൊണ്ട് പ്യൂട്ടിയ പറഞ്ഞു.