പ്രതിരോധ വിഭാഗത്തിന് കൂടുതല്‍ കരുത്തും ഗാംഭീര്യവും നല്‍കി മുന്‍ ഒളിമ്പിക് ലിയോണ്‍ താരം ബക്കാരി കോനെയെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ ഫുട്‌ബോള്‍ വമ്പന്‍മാരായ ഘാന, ഐവറികോസ്റ്റ് എന്നിവരുമായി അതിര്‍ത്തി പങ്കിടുന്ന, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലെ വഗദൂഗയിലാണ് 32കാരന്‍ ജനിച്ചത്.
2004ല്‍ സിഎഫ്ടിപികെ അബിജാനില്‍ നിന്ന് ജന്മനാട്ടിലെ ക്ലബായ എറ്റോല്‍ ഫിലാന്റെയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ തന്റെ ഔദ്യോഗിക ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്. യൂത്ത് ടീമിനൊപ്പമുള്ള ശ്രദ്ധേയമായ സീസണ്‍, യുവ പ്രതിരോധക്കാരന് 2005-06 സീസണില്‍ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ക്ലബ്ബിനായി 27 മത്സരങ്ങള്‍ കളിച്ച താരം തന്റെ ആദ്യ പ്രൊഫഷണല്‍ ഗോളും സ്വന്തമാക്കി. ഫ്രഞ്ച് കളി നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഫ്രാന്‍സിലെത്തി ലീഗ് 2 ക്ലബ്ബായ ഗ്വിങ്ഗാമ്പിനൊപ്പം ചേര്‍ന്നു. റിസര്‍വ് ടീമിനൊപ്പമായിരുന്നു ആദ്യ രണ്ടുവര്‍ഷം. ഗെയിം മെച്ചപ്പെടുത്തിയതും ഇവിടെ തന്നെ. തുടര്‍ന്ന് 2008ല്‍ തന്നെ ആദ്യ ടീമിലേക്ക് വിളിയെത്തി. മൂന്നു വര്‍ഷം കൂടി ക്ലബ്ബിനൊപ്പം നിന്ന് 2009ല്‍ ഫ്രഞ്ച് കപ്പും നേടി.
2011ലാണ് പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ ചേര്‍ന്നത്. ഫ്രഞ്ച് ഫുട്‌ബോളിലെ ടോപ് ഡിവിഷന്‍ ക്ലബ്ബിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ മികവുറ്റ സ്‌്രൈടക്കര്‍മാരായ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, എഡിന്‍സണ്‍ കവാനി എന്നിവര്‍ക്കെതിരായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. 2011 മുതല്‍ 2016 വരെയുള്ള കോനെയുടെ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ലെസ് ഗോണ്‍സ് 2011-12ലെ ഫ്രഞ്ച് കപ്പും 2012ലെ ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി. 2014-15, 2015-16 സീസണുകളില്‍ ക്ലബ്ബ്, ലീഗ് 1 റണ്ണറപ്പാവുകയും ചെയ്തു. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുള്‍പ്പെടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി ഒളിമ്പിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ടുകെട്ടിയത്.